Connect with us

Video Stories

മാര്‍ക്‌സിസ്റ്റ് ഭരണത്തിലെ ഫാസിസ്റ്റ് പൂക്കാലം

Published

on

 

സി.പി സൈതലവി
ഗ്രഹണസമയത്ത് ഞാഞ്ഞൂലും തലപൊക്കുമെന്നാണ് അക്കാര്യത്തില്‍ വിവരമുള്ളവരുടെ അഭിപ്രായം. ജന്മനാ പത്തിയും കൊത്തുമുള്ള മൂര്‍ഖന്റെ കാര്യം പിന്നെ പറയണോ. ഇത്രകാലവും മടിച്ചും മാളത്തിലൊളിച്ചും നിന്ന സകല പ്രതിഭാസങ്ങളും രക്ഷായാത്ര നടത്തിയും ശിക്ഷാവിധി കല്‍പ്പിച്ചും തെരുവിലിറങ്ങിയിരിക്കുകയാണ് കേരളത്തിലിപ്പോള്‍. അഥവാ ആരോടും ‘കടക്കുപുറത്ത്’ എന്നു പറയാന്‍ ചങ്കൂറ്റമുണ്ടെന്നു കരുതുന്ന പിണറായി വിജയന്റെ ഭരണത്തില്‍.
കേരള പൊലീസിലെ ആര്‍.എസ്.എസ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പഠിച്ചു പ്രബന്ധം നല്‍കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടതും ഈ ഗ്രഹണ കാലത്തിന്റെ മൂപ്പെത്തിയ ലക്ഷണമാണ്. മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന പൊലീസ് സേനയിലെ 27 ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ യോഗം ചേര്‍ന്ന് ആര്‍.എസ്.എസ് സെല്ലിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും ഗുജറാത്ത്, ഉത്തര്‍പ്രദേശ് മാതൃകയിലേക്ക് കേരളത്തെ എത്തിക്കുന്നതിനുള്ള സംഘ്പരിവാര്‍ പരിശ്രമങ്ങള്‍ക്ക് കരുത്തുപകരാനും ശപഥം ചെയ്തിരിക്കുന്നത്. സംസ്ഥാന ഭരണകൂടത്തിന്റെ വെള്ളവും വളവും കിട്ടാത്തതുകൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് ഉണങ്ങിക്കരിഞ്ഞുകിടന്നിരുന്ന ആര്‍.എസ്.എസ് സെല്ലാണ് കാലാവസ്ഥ അനുകൂലമായപ്പോള്‍ തളിര്‍ത്ത് പുഷ്പിച്ചു തുടങ്ങിയിരിക്കുന്നത്. മാര്‍ക്‌സിസ്റ്റ് ഭരണത്തോടുള്ള അസൂയയും കുശുമ്പുംമൂത്ത് ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളോ നേതാക്കളോ കെട്ടിച്ചമച്ച കഥയല്ലിത്. സാക്ഷാല്‍ പിണറായി പൊലീസിലെ ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിച്ചു കണ്ടെത്തിയ വസ്തുനിഷ്ഠ വിവരങ്ങളാണ്.
2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറിയതുമുതല്‍ പൊലീസിലെ കാവിപ്രസ്ഥാനം ഊര്‍ജിതമാക്കാന്‍ പലവുരു ശ്രമിച്ചുനോക്കി. പക്ഷേ, അതു കേരള പൊലീസില്‍ നടപ്പില്ലെന്ന് ബോധ്യപ്പെടുമാറ് അന്നത്തെ യു.ഡി.എഫ് ഭരണനേതൃത്വം ജാഗ്രത പുലര്‍ത്തി. മുംബൈ, ഗുജറാത്ത്, യു.പി, അസം കലാപങ്ങളിലെല്ലാം പൊലീസിലെ കാവിക്കളസങ്ങള്‍ നിര്‍വഹിച്ച ‘സേവനം’ അവശ്യഘട്ടത്തില്‍ കേരള പരിവാറിനും ലഭ്യമാക്കാന്‍ ആര്‍.എസ്.എസ് സെല്‍ ഉപകരിക്കുമെന്നതില്‍ തര്‍ക്കമില്ല. കന്യാകുമാരിയിലെ വിവേകാനന്ദ ഗ്രാമത്തില്‍ ചേര്‍ന്ന രഹസ്യയോഗം ‘തത്ത്വമസി’ ഗ്രൂപ്പ് എന്ന പേരില്‍ പ്രതിമാസ ‘യോഗയും’ ‘യോഗവും’ സംഘടിപ്പിച്ച് ആര്‍.എസ്.എസ് പദ്ധതികള്‍ പ്രയോഗവത്കരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് സന്ദേശത്തില്‍നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിനു ചോര്‍ന്നുകിട്ടിയത്. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീനെ ഡി.ജി.പി അന്വേഷണ ചുമതലയേല്‍പ്പിച്ചതും ഈ പശ്ചാത്തലത്തിലാണ്.
മത, ജാതി, കക്ഷിഭേദം നോക്കാതെ കേരള ജനതക്ക് കാവലിരിക്കേണ്ട പൊലീസിലാണ് വര്‍ഗീയ വിദ്വേഷത്തിന്റെ ‘കാവിപ്പടയൊരുക്കം’ നടക്കുന്നത്. അതും നാവെടുത്താല്‍ നാലു ഫാസിസ്റ്റ് പ്രതിരോധം പറയാതെ ഇരിപ്പുറക്കാത്ത മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍. ഒരുകാലം ഇന്ത്യക്കു മാതൃകയായിരുന്ന കേരള പൊലീസിനെപോലും കാവിയുടുപ്പിക്കാനും പ്രബുദ്ധ സംസ്ഥാനത്തിന്റെ പൊതുനിരത്തുകളില്‍ കൊലവിളി മുഴക്കാനും അമിത്’ഷോ’കള്‍ക്ക് ധൈര്യം കിട്ടിയത് മാര്‍ക്‌സിസ്റ്റ് മുഖ്യന്‍ അധികാരമേറ്റ ശേഷം മാത്രമാണെന്നത് ഇനിയും മുഴുവന്‍ വെളിപ്പെടാത്ത ദുരൂഹതയാണ്. വേങ്ങരയില്‍ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും പറയാനില്ലാത്തതുകൊണ്ട് യു.ഡി.എഫിനെതിരെ പരിവാര്‍ ബന്ധമാരോപിച്ച് തൃപ്തിയടയുന്ന സി.പി.എമ്മാണ് ദേശീയ, സംസ്ഥാന ചരിത്രത്തിലെന്നും ആര്‍.എസ്.എസിനും ബി.ജെ.പിക്കും ഊന്നുവടിയായതെന്നതിന് ചരിത്രത്തിന്റെ ഓരോ സന്ധിയും സാക്ഷിയാണ്.
മണ്ഡലത്തില്‍ ഭൂരിപക്ഷമുള്ളവരുടെ തട്ടവും തലപ്പാവും നോക്കി അവരുടെ സമുദായത്തിനു ചെയ്ത മഹാ ത്യാഗങ്ങളുടെയും സേവനത്തിന്റെയും വീരഗാഥകളാണ് സി.പി.എം വേങ്ങരയില്‍ പാടിപ്പറഞ്ഞത്. കാലിക്കറ്റ് സര്‍വകലാശാല വളരെ മുമ്പ് തീരുമാനിക്കുകയും പല കാരണങ്ങളാല്‍ നീണ്ടുപോവുകയും ചെയ്ത ‘ഡി ലിറ്റ്’സ്വീകരിക്കല്‍ ചടങ്ങിനെത്തിയ ലോക പ്രശസ്തനായ ഷാര്‍ജ ഭരണാധികാരിക്ക് – ഒരു വിദേശ രാഷ്ട്രത്തലവന് തത്സമയം അധികാരത്തിലുള്ള സര്‍ക്കാര്‍ നിയമപ്രകാരം നല്‍കാന്‍ ബാധ്യസ്ഥമായ ആതിഥ്യംപോലും വോട്ടിനു വിറ്റു കാശാക്കുന്ന അധമത്വവും വേങ്ങരയില്‍ കണ്ടു.
ഗള്‍ഫിലേക്കുള്ള മലയാളികളുടെ കൂട്ടപ്രവാഹത്തിനും ദശകങ്ങള്‍ക്കു മുമ്പേ അറബ് രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിച്ച് വ്യക്തിമുദ്ര പതിപ്പിച്ച ഒന്നാം ഗള്‍ഫ് മലയാളി തലമുറയുടെ തട്ടകമാണ് വേങ്ങര. കേരളത്തിന്റെ ആദ്യകാല ഗള്‍ഫ് സുഗന്ധമുള്ള വിരലിലെണ്ണാവുന്ന ദേശങ്ങളിലൊന്ന്. അവിടെയാണ് അറബികളോടും അറബിയോടുമുള്ള മാര്‍ക്‌സിസ്റ്റ് പ്രണയം കരകവിഞ്ഞൊഴുകിയത്. ന്യൂനപക്ഷ വിദ്യാഭ്യാസത്തിന്റെ മറവിലാണ് സ്‌കൂളുകളില്‍ ‘അറബി’കയറിവരുന്നതെന്നും ‘അറബി’ മാതൃഭാഷയായി കിട്ടാനാണ് ലീഗുകാര്‍ സമരം ചെയ്യുന്നതെന്നും പറഞ്ഞു പരിഹസിച്ച ഇ.എം.എസ്സിനെയും സി.പി.എമ്മിനെയും ചിന്തയെയും ദേശാഭിമാനിയെയും ഓര്‍മയിലുള്ളവരോടാണ് ഒരു അറബ് ഭരണാധികാരി വന്നപ്പോള്‍ സ്വീകരിച്ചത് അറബി പ്രേമം കൊണ്ടാണെന്ന് ഇടതുപക്ഷം പൊലിവ് പറയുന്നത്. അറബി, ഉര്‍ദു, സംസ്‌കൃത ഭാഷകളെ വിദ്യാലയങ്ങളില്‍നിന്നു പടികടത്താന്‍ 1980ല്‍ മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമങ്ങളുടെ ഇംഗ്ലീഷിലുള്ള പേരുപോലും (അക്കമഡേഷന്‍, ഡിക്ലറേഷന്‍, ക്വാളിഫിക്കേഷന്‍) വേങ്ങരയിലെ സാധാരണക്കാരായ വയോധികര്‍ മുതല്‍ പുതുതലമുറക്കുവരെ മനഃപാഠമാണ്. ആ നിയമത്തിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാനിറങ്ങിയ മുസ്‌ലിം യൂത്ത്‌ലീഗും 1980ലെ ഭാഷാസമരവും മജീദ്-റഹ്മാന്‍-കുഞ്ഞിപ്പമാരുടെ രക്തസാക്ഷിത്വവും കണ്‍മുന്നില്‍ കാണുന്നവര്‍ക്ക് മാര്‍ക്‌സിസ്റ്റ് അറബി പ്രേമത്തിന്റെ അപഹാസ്യത ബോധ്യപ്പെടും. വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തുല്‍ ഇസ്‌ലാമിയ്യയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ കുവൈത്തില്‍നിന്നുള്ള രണ്ടു വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ വന്നതിനെ അനഭിമതരെന്ന് കള്ളപ്രചാരണം നടത്തി ജയിലിലടപ്പിക്കാനും അവരുമായി വേദി പങ്കിട്ടെന്ന് പറഞ്ഞ് മുസ്‌ലിംലീഗ് ജനപ്രതിനിധികള്‍ക്കെതിരെ കേസ്സെടുപ്പിക്കാനും പാഞ്ഞവര്‍, ആ ഭാഷക്കും അതിലെ അധ്യാപകര്‍ക്കുമെതിരായി പരമപുച്ഛം നിറഞ്ഞ പ്രചാരണം നയിച്ചവര്‍ ഇപ്പോള്‍ അറബികളെ സ്വീകരിക്കാന്‍ ആലവട്ടങ്ങളും വെഞ്ചാമരവുമായി വെയിലും മഴയുംകൊണ്ട് നില്‍ക്കുന്ന ദൃശ്യം ഒരര്‍ഥത്തില്‍ മുസ്‌ലിംലീഗ്, ആ ഭാഷയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനും ആ രാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാനും ദശാബ്ദങ്ങളിലൂടെ നടത്തിയ അവിശ്രാന്ത പോരാട്ടങ്ങളുടെ വിജയമാണ്. അതുകൊണ്ടുതന്നെ സംശയമില്ലാതെ പറയാം വേങ്ങരയില്‍ സി.പി.എം അറബി ഭാഷയെടുക്കുമ്പോള്‍ അതിന്റെ ഫലം യു.ഡി.എഫിനുള്ളതാണ്.
1980കളുടെ ആദ്യപകുതിവരെ സി.പി.എം നേതാവായിരുന്ന പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ സി.പി. ജോണ്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടത് ‘ഇടതു സര്‍ക്കാരിന്റെ അറബി ഭാഷാ വിരുദ്ധ നീക്കവും അതിനുകളമൊരുക്കാന്‍ സി.പി.എം നടത്തിയ പ്രചാരണ ഘോഷങ്ങളുമാണ് കേരളത്തില്‍ ഇസ്‌ലാമോഫോബിയ (ഇസ്‌ലാം ഭീതി)യുടെ വിത്തിട്ടത്’ എന്നാണ്. അതാണ് ആര്‍.എസ്.എസിനും സംഘ്പരിവാറിനും അതിന്റെ രാഷ്ട്രീയ രൂപമായ ബി.ജെ.പിക്കും കേരളത്തെക്കുറിച്ച് വ്യാജ കഥകള്‍ പ്രചരിപ്പിക്കാനുള്ള ഇന്ധനമായതെന്ന് പില്‍ക്കാലം സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ഡല്‍ഹിയിലിരുന്നു ‘മലപ്പുറം കഥകള്‍’പടച്ചുവിട്ടുതുടങ്ങിയതും മലപ്പുറം ഒരു താലിബാന്‍ ആക്കാന്‍ നോക്കുകയാണെന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി ‘കേരള ശബ്ദ’ ത്തിനു അഭിമുഖം നല്‍കിയതും അതിന്റെ അനുബന്ധകാലം. 1985ല്‍ ശരീഅത്ത് സംബന്ധമായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലെ മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനങ്ങളും വഖഫ് ബോര്‍ഡിന്റെ മുക്രി, ഖത്തീബ് പെന്‍ഷനെക്കുറിച്ചുള്ള ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പ്രസ്താവനയുമെല്ലാം പരിവാറിനു ഇലയിടുന്ന വിഭവങ്ങളായി. യു.ഡി.എഫ് ഭരണത്തില്‍ മലപ്പുറത്തിനു വാരിക്കോരി കൊടുക്കുന്നുവെന്ന് ഗവര്‍ണര്‍ക്കു കത്തെഴുതിയും കല്യാണം കഴിച്ചും മതംമാറ്റിയും കേരളത്തെ ഇസ്‌ലാമിക രാഷ്ട്രമാക്കാനാണ് നീക്കമെന്ന് പ്രസ്താവന നടത്തിയും മലപ്പുറത്തെ കേരള തലസ്ഥാനമാക്കാനാണ് ശ്രമമെന്ന് ആരോപിച്ചും സി.പി.എമ്മിലെ വായില്ലാകുന്നിലപ്പന്മാര്‍ നടത്തിയ ദുരാരോപണങ്ങളും സംഘ്പരിവാറിനു ജോലിഭാരം കുറക്കലായിരുന്നു. ലക്ഷങ്ങളുടെ കള്ളനോട്ടും അതച്ചടിക്കുന്ന യന്ത്രവുമായി ബി.ജെ.പി നേതാക്കള്‍ പിടിയിലായ ശേഷം അത് പ്രൈസ്‌ബോര്‍ഡിലെ കളിനോട്ടുകളായി കൂടുവിട്ടുകൂടുമാറുന്നത് മാര്‍ക്‌സിസ്റ്റ് ഭരണത്തിലല്ലാതെ മറ്റെവിടെ നടക്കാന്‍. വര്‍ഗീയ വിഷംചീറ്റുന്ന ശശികലമാര്‍ക്ക് രക്ഷയും തന്റെ ആശയങ്ങള്‍ക്കൊത്ത് അപരനു ദ്രോഹമാകാത്ത പ്രഭാഷണം നടത്തുന്ന ശംസുദ്ദീന്‍മാര്‍ക്ക് ശിക്ഷയും വിധിക്കുന്ന ഭരണം ഫാസിസ്റ്റോ മാര്‍ക്‌സിസ്റ്റോ എന്ന് ജനം വിലയിരുത്തുന്നുണ്ട്.
പഞ്ചായത്തുതോറും മന്ത്രിമാരെ വെച്ച് ഇടതുപക്ഷം ഗൃഹസമ്പര്‍ക്കം നടത്തിയിട്ടും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി റിക്കാര്‍ഡ് വിജയം നേടിയത്, ‘മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖല’യായതുകൊണ്ടും, ‘മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമായതുകൊണ്ടുമാണെ’ന്ന് പരസ്യ പ്രസ്താവന ചെയ്ത കടകംപള്ളി സുരേന്ദ്രനെ ഇന്നോളം സി.പി.എം അതിന്റെ പേരില്‍ ശാസിച്ചതായി കേട്ടിട്ടില്ല. മലപ്പുറം മത ഭീകരതയുടെ താവളമാണെന്ന് പറയുന്ന കുമ്മനം രാജശേഖരനും ഒരു ജില്ലയിലെ ജനങ്ങളെ മുഴുവന്‍ വര്‍ഗീയമുദ്ര ചാര്‍ത്തി പെരുവഴിയില്‍ ചാമ്പുന്ന കടകംപള്ളി സുരേന്ദ്രനുമിടയില്‍ അധികം ദൂരമില്ലെന്ന് കേരളത്തിനറിയാം. ചെങ്കൊടി ഒരു മാസം വെയിലത്തുവെച്ചാല്‍ കാവിയാക്കി മാറ്റാവുന്നതേയുള്ളൂവെന്ന് സാരം. ഫാസിസം അതിന്റെ പൂര്‍ണരൂപം പ്രാപിച്ചുവരുമ്പോള്‍ രാജ്യത്തിന്റെ ആത്മാവായ മതേതരത്വത്തിനും ജനാധിപത്യത്തിനും രക്ഷാകവചമൊരുക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേരണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭ്യര്‍ഥനക്കുപോലും അരക്കാശിന്റെ വില കല്‍പിക്കാതെ കേരള സി.പി.എം പുച്ഛിച്ചു തള്ളുന്നതും അതുകൊണ്ടുതന്നെ.
സ്വയം പഠിച്ചറിഞ്ഞ് തിരഞ്ഞെടുത്ത വിശ്വാസപ്രമാണത്തിന്റെ പേരില്‍ ഹാദിയക്ക് വീട്ടുതടങ്കലൊരുക്കുകയും ഡോക്ടറും വിവേകശാലിയുമായ ആ പെണ്‍കുട്ടിയുടെ കൂട്ടികാരികളെപോലും പരിസരത്തടുപ്പിക്കാതെ ആട്ടിയോടിക്കുകയും ചെയ്യുന്ന പൊലീസ്, ഹാദിയയുടെ മനസ്സ് മാറ്റാന്‍ അച്ഛനു ക്ലാസ്സെടുക്കാന്‍വന്ന കുമ്മനത്തിനു കസേരയിട്ടുകൊടുക്കുന്നത് ആഭ്യന്തര മന്ത്രിയുടെ ബലത്തിലല്ലാതെ മറ്റെന്താണ്?
ഗാന്ധി മുതല്‍ ഗൗരി വരെ എന്ന് പ്രാസമൊപ്പിച്ച് രക്തസാക്ഷി പട്ടികയൊരുക്കാന്‍മാത്രം അപ്രിയസത്യം പറയുന്നവരെയും അപ്രിയമായത് വിശ്വസിക്കുന്നവരെയും ആലംബമറ്റ ദലിത്, ന്യൂനപക്ഷ ജനതയെയും പോയിന്റ് ബ്ലാങ്കില്‍ നിര്‍ത്തി ഫാസിസം അതിന്റെ ജന്മസ്വഭാവം മറകൂടാതെ പുറത്തെടുക്കുമ്പോള്‍ അവസാനത്തെ പ്രതിരോധഭിത്തിയും തകര്‍ക്കാന്‍ ആഞ്ഞുതള്ളുകയാണ് സി.പി.എം. കമ്യൂണിസത്തെ അതിന്റെ ഗര്‍ഭഗൃഹത്തില്‍ചെന്ന് പഠിച്ച, തൂലികയും വാഗ്‌വിലാസവുംകൊണ്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രതിഭാമുദ്രപതിച്ച അഡ്വ. കെ.എന്‍.എ. ഖാദറിനെ വേങ്ങരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കുന്നതിലെ രാഷ്ട്രീയം ഫാസിസത്തിന്റെ ഭീകരതക്കൊപ്പം മാര്‍ക്‌സിസത്തിന്റെ ഇരട്ടത്താപ്പും പൊളിച്ചെഴുതലാണ്.
തെരഞ്ഞെടുപ്പിലെ കേവല ജയപരാജയങ്ങള്‍ക്കുമപ്പുറം രാജ്യമാകെ പടര്‍ന്നുനില്‍ക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മാത്രമേ ഫാസിസത്തെ ആഴമറിഞ്ഞു പ്രതിരോധിക്കാനാവൂ എന്ന് മനസ്സിലാക്കാന്‍ ശരാശരി ബുദ്ധിമതി. അതാണ് മുസ്‌ലിംലീഗ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പറഞ്ഞുവരുന്നതും. കോണ്‍ഗ്രസിനു മാത്രമേ ഇന്ത്യയില്‍ ജനാധിപത്യ ചേരിയെ മുന്നില്‍നിന്നു നയിക്കാനാവൂ. കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ അവിടെ രാജ്യശത്രുക്കള്‍ താവളമാക്കുമെന്ന്.

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending