സിപിഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സമ്മേളനം. മണ്ടന്‍മാര്‍,മന്ത്രിസഭയിലെ ഏറ്റവും കഴിവുകെട്ടവരര്‍ എന്നീ പ്രയോഗങ്ങളാണ് സിപിഐ മന്ത്രിമാര്‍ക്കെതിരെ സി.പി.എം പ്രയോഗിച്ചത്. ഒരു കഴിവുമില്ലാത്തവരെയാണു സിപിഐ മന്ത്രിമാരാക്കിയതെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. കണ്ണൂരിലെ കൊലപാതകങ്ങള്‍ക്കെതിരെ ഭൂരിപക്ഷം പ്രതിനിധികളും നിലപാടെടുത്തു.

സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന സ്വയംവിമര്‍ശനത്തിനു പിന്നാലെയാണു സിപിഎമ്മിന്റെ വിമര്‍ശനവും. കഴിഞ്ഞദിവസം സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചു സിപിഐ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ ധാര്‍മികതയ്ക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങളാണു സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് എന്നായിരുന്നു സംസ്ഥാന എക്‌സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങളില്‍ വിമര്‍ശനമുണ്ടായത്. മുന്നണി സംവിധാനത്തിന് അകത്തുനിന്ന് കെ.എം.മാണിയുമായി കൂട്ടുകൂടാന്‍ ശ്രമിക്കുന്നതു നിലവാരമില്ലാത്ത രീതിയാണ്. മാണിക്കെതിരെ എല്‍ഡിഎഫ് നടത്തിയ രാഷ്ട്രീയ സമരങ്ങളെ മറന്നുള്ള ഒത്തുതീര്‍പ്പു ഫോര്‍മുലകള്‍ അംഗീകരിക്കാനാകില്ലെന്നും സിപിഐ വ്യക്തിമാക്കി.

കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ നിലപാടില്‍ മാറ്റമില്ലാതെ തുടരുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. ഓരോ ജില്ലയില്‍നിന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം പേരെയും യച്ചൂരിയുടെ നിലപാടിനെതിരെ അണിനിരത്താനാണു ഔദ്യോഗിക നീക്കം. നേരത്തേ, കരട് രാഷ്ട്രീയപ്രമേയം ചര്‍ച്ചയ്‌ക്കെടുത്ത പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ കേരളഘടകത്തിലെ നേതാക്കള്‍ പിബി അംഗം പ്രകാശ് കാരാട്ടിന്റെ നിലപാടിനൊപ്പമായിരുന്നു.