സിപിഎമ്മിന്റെ കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവിനെ വെടിവച്ച് കൊന്നു. ഉത്തര്‍പ്രദേശില്‍ മിര്‍സാപൂര്‍ ജില്ലയിലെ ഹാലിയയിലുള്ള ഹിമ്മത്ത് കോല്‍ ആണ് അജ്ഞാതരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്.

ഒരു ദിവസം പഴക്കം ചെന്ന ഹിമ്മത്തിന്റെ മൃതദേഹം കാടിനുള്ളില്‍ നിന്നും ഗ്രാമവാസികളാണ് കണ്ടെത്തിയത്. ദുര്‍ഗാപൂജയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹത്തെ ആരോ വിളിച്ചെന്നും ശേഷം അദ്ദേഹത്തെ കാണാനില്ലായിരുന്നുവെന്നും തൊഴിലാളികള്‍ അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് മിര്‍സാപൂര്‍ ജില്ല പോലീസ് മേധാവി പറയുന്നത്. അതേ സമയം ചില വനം മാഫിയ ഗ്രൂപ്പുകളില്‍ നിന്നും ഹിമ്മത്ത് കോലിന് ഭീഷണിയുണ്ടായിരുന്നു എന്ന് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു.