തിരുവനന്തപുരം: രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെതിരെ പരസ്യ വിമര്‍ശനവുമായി സി.പി.എം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളില്‍ സി.പി.എമ്മിന് ലഭിക്കുന്ന സീറ്റ് പതിറ്റാണ്ടിലധികമായി സി.പി.എമ്മുമായി ചേര്‍ന്ന് നില്‍ക്കുന്ന ചെറിയാന്‍ ഫിലിപ്പിന് നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പിണറായി വിജയന്‍ മുന്‍കൈ എടുത്ത് സീറ്റ് എളമരം കരീമിന് നല്‍കുകയായിരുന്നു. ഇതില്‍ കുപിതനായാണ് ചെറിയാന്‍ ഫിലിപ്പ് പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

അധികാര സ്ഥാനങ്ങളില്ലെങ്കിലും അരനൂറ്റാണ്ടിലേറെ കാലം പിന്തുടര്‍ന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയത്തില്‍ മരണം വരെയും അടിയുറച്ച് നില്‍ക്കുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിലര്‍ക്ക് വീണ്ടും വീണ്ടും സ്ഥാനങ്ങള്‍ നല്‍കുന്നതിനെതിരെ പ്രതികരിച്ചാണ് താന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തു വന്നത്. എന്നാല്‍ സി.പി.എം അതേപാതയാണ് തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജോസ് കെ മാണി ബി.ജെ.പിയിലേക്ക് പോകുമെന്ന ഇടത് പ്രചാരണത്തേയും ചെറിയാന്‍ ഫിലിപ്പ് വിമര്‍ശിച്ചു. അല്‍ഫോണ്‍സ് കണ്ണാന്താനത്തിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇടത് എം.എല്‍.എ ആയിരുന്ന കണ്ണന്താനത്തിന് ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയാകാമെങ്കില്‍ കെ.എം മാണിയുടെ പുത്രന് ഭാവിയില്‍ ബി.ജെ.പി മന്ത്രിയാകുന്നതില്‍ എന്താണ് തെറ്റെന്ന് ചെറിയാന്‍ ഫിലിപ്പ് ചോദിച്ചു.