തിരൂരങ്ങാടി: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കോഴിച്ചെന കണ്ടംച്ചിറ മൈതാനത്തെ തെരുവില്‍ താമസിക്കുന്ന മനോഹരന്റെ മകന്‍ മുരളി(30)യാണ് ആത്മഹത്യ ചെയ്തത്.

കോഴിച്ചെന കണ്ടംച്ചിറയിലെ മരത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ തൂങ്ങിമരിക്കുകയായിരുന്നു. യുവാവും കുടുംബവും ജനനം മുതല്‍ കോഴിച്ചെന കണ്ടംചിറ മൈതാനിയിലായിരുന്നു താമസം. വീട് വെക്കാന്‍ സ്ഥലമില്ലെങ്കിലും ഇത്തവണ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റേഷന്‍കാര്‍ഡില്ലാത്തതിനാല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത മാനദണ്ഡങ്ങളാണ് യുവാവിനെ ആത്മഹത്യയിലെത്തിച്ചത്.

വീട് നിര്‍മ്മാണത്തിനുള്ള അപേക്ഷ അംഗീകരിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് മുരളി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബം ഇവിടെയാണ് താമസിച്ചുപോന്നിരുന്നത്. മാതാവ്: പഞ്ചവര്‍ണ, ഭാര്യ-മുത്തു.