kerala

വെട്ടി കൊന്നിട്ടും ടി.പിയുടെ കുടുംബത്തോടുള്ള വൈരാഗ്യം അവസാനിക്കാതെ സി.പി.എം- വി.ഡി സതീശന്‍

By webdesk14

March 16, 2023

51 വെട്ട് വെട്ടി കൊന്നിട്ടും ടി.പിയുടെ കുടുംബത്തോടുള്ള വൈരാഗ്യം അവസാനിക്കാതെ കെ.കെ. രമയുടെ കൈയൊടിച്ചിട്ടും സമൂഹ മാധ്യമങ്ങളില്‍ സി.പി.എം പ്രചരണം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.

സതീശന്‍. അവരെ കാല് മടക്കി തൊഴിച്ച ഭരണപക്ഷ എം.എല്‍.എ സഭയില്‍ ഇരിക്കുമ്‌ബോള്‍ തങ്ങള്‍ക്ക് എങ്ങനെയാണ് നിയമസഭയുമായി യോജിച്ച് പോകാനാകുക. അവരുടെ ഒടിവില്ലാത്ത കൈയിലാണ് പ്ലാസ്റ്റര്‍ ഇട്ടതെങ്കില്‍ മറുപടി പറയേണ്ടത് ആരോഗ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി എല്ലാറ്റിലും അസ്വസ്ഥനാണ്. പ്രതിപക്ഷാംഗങ്ങള്‍ പ്രസംഗിക്കുമ്‌ബോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ബഹളമുണ്ടാക്കുന്നത്. പ്രതിപക്ഷനേതാവ് ആയിരുന്നപ്പോള്‍ വി.എസ് അച്യുതാനന്ദന്‍ പ്രസംഗിക്കുമ്‌ബോള്‍ ഒരു തവണ ഒഴികെ ഭരണപക്ഷത്തെ ആരും അദ്ദേഹത്തെ തടസ്സപ്പെടുത്തിയിട്ടില്ല.

മന്ത്രിയുടെ കെടുകാര്യസ്ഥതയെ വിമര്‍ശിച്ചാല്‍ അത് സ്ത്രീത്വത്തോടുള്ള അവഹേളനമാകുന്നത് എങ്ങനെയാണ്? അങ്ങനെയെങ്കില്‍ അവര്‍ക്കെതിരെ ഒന്നും മിണ്ടാന്‍ പറ്റില്ലല്ലോ. നടപ്പിലും ചിരിയിലും സംസാരത്തിലുമൊക്കെ ആര്‍ക്കാണ് കാപട്യമുള്ളതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും സതീശന്‍ പറഞ്ഞു.