കല്‍പ്പറ്റ: ചട്ടങ്ങള്‍ മറികടന്നു രാത്രി ഒമ്പത് മണിക്ക് ശേഷം ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ പുതിയ തസ്തിക സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ മകന്‍ രഞ്ജിതിന് വേണ്ടിയാണെന്ന ആരോപണം ശക്തമായതിന് പിന്നാലെ ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരാന്‍ സി.പി.എം ശ്രമം. ഇതിന്റെ ആദ്യപടിയായാണ് ജില്ലാ വിദ്യാഭ്യാസ ഉപഡരക്ടര്‍ അടുത്ത ദിവസം വെള്ളമുണ്ടയിലെ സ്‌കൂളിലെത്തി പരിശോധന നടത്തുന്നത്. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് വിഷയത്തില്‍ നിന്ന് തല്‍ക്കാലത്തേക്ക് തലയൂരാനായിരിക്കും സി.പി.എം ശ്രമം.

മകന്‍ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകന്‍ മാത്രമാണെന്നും മറ്റുള്ള കാര്യങ്ങള്‍ അറിയില്ലെന്നുമാണ് സെക്രട്ടറിയുടെ വിശദീകരണം. പാര്‍ട്ടിയും ഇക്കാര്യത്തില്‍ മൗനത്തിലാണ്. സെക്രട്ടറിയുടെ മകന് വേണ്ടി അധിക തസ്തിക സൃഷ്ടിക്കാനായി ആറാം പ്രവൃത്തി ദിനത്തില്‍ (ജൂണ്‍ 8) നടത്തിയ ചട്ടവിരുദ്ധ നീക്കങ്ങളെക്കുറിച്ച് നേരിട്ടന്വേഷിക്കാനാണ് ജില്ലാ വിദ്യാഭ്യാസ ഉപഡരക്ടര്‍ അടുത്ത ദിവസം വെള്ളമുണ്ടയിലെ സ്‌കൂളിലെത്തുന്നത്. ഇതിന്റെ മുന്നോടിയായി മാനന്തവാടി എ.ഇ.ഒ എം.എം ഗണേഷില്‍ നിന്നും ഇന്നലെ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും വൈകുന്നേരത്തോടെ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

ജൂണ്‍ 8ന് സമ്പൂര്‍ണ്ണ വെബ്‌പോര്‍ട്ടല്‍ ബ്ലോക്കായതിനാല്‍ രാത്രി 10 മണി വരെ ഉപയോഗിക്കാനുള്ള അനുമതി പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്ന കൈറ്റ് നല്‍കിയതായാണ് എ.ഇ.ഒ യുടെ വിശദീകരണം. വൈകുന്നേരം അഞ്ചേമുക്കാലോടെ തരുവണ സ്‌കൂളില്‍ നിന്നും റീസെറ്റ് ചെയ്യാനായി അപേക്ഷ വന്നിരുന്നുവെന്നും അത് പ്രകാരമാണ് റീസെറ്റ് ചെയ്യാനനുമതി നല്‍കിയതെന്നും എ.ഇ.ഒ വ്യക്തമാക്കുന്നു. എന്നാല്‍ മാനന്തവാടി എ ഇ ഒയുടെ അനുമതിപ്രകാരമുള്ള കാര്യം മാത്രമെ ഞാന്‍ ചെയ്തിട്ടുള്ളുവെന്നാണ് വിഷയത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പറയുന്നത്. രണ്ട് പേര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് കാര്യമായ സമ്മര്‍ദ്ദമുണ്ടായിരുന്നതായാണ് വിവരം.

തരുവണ ജി.യു.പി സ്‌കൂളില്‍ നിന്ന് മാത്രം ആറാം പ്രവൃത്തി ദിനത്തില്‍ ആറാംക്ലാസ്സിലേക്ക് മൂന്ന് പേര്‍ക്കാണ് ടി.സി നല്‍കിയത്. ഇതില്‍ ഒരാള്‍ക്ക്് രാത്രിയാണ് ടി. സി നല്‍കിയത്. ഈ കുട്ടിയെ അതേദിവസം തന്നെ വെള്ളമുണ്ടയിലെ രജിസ്റ്ററില്‍ ചേര്‍ക്കുകയും ചെയ്തു. ഈ ക്ലാസിലെ അധ്യാപകനാണ് ജില്ലാ സെക്രട്ടറിയുടെ മകന്‍. വഞ്ഞോട് എ യു പി സ്‌കൂളില്‍ നിന്നും ഏതാനും കുട്ടികളെയും വെള്ളമുണ്ടയിലേക്ക് മാറ്റിച്ചേര്‍ത്തിട്ടുണ്ട്.