തിരുവനന്തപുരം: പിണറായി വിരുദ്ധരെ മുഴുവന്‍ വെട്ടിനിരത്തിയുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടികക്കെതിരെ അണികളില്‍ അമര്‍ഷം. തോമസ് ഐസക്, ജി സുധാകരന്‍, എകെ ബാലന്‍, പി ശ്രീരാമകൃഷ്ണന്‍, സി രവീന്ദ്രനാഥ് തുടങ്ങിയ സ്ഥാനാര്‍ഥികളെ വെട്ടി നിരത്തിയാണ് പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. പ്രാദേശിക തലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യങ്ങളെയും നേതൃത്വം വിലവച്ചില്ല. ഇപി ജയരാജന്‍, ജെയിംസ് മാത്യു, ടിവി രാജേഷ് എന്നിവരെയും സിപിഎം മാറ്റിനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെകെ ഷൈലജ, ടിപി രാമകൃഷ്ണന്‍, എംഎം മണി എന്നിവര്‍ മത്സരിക്കും.

പൊന്നാനി ഉള്‍പെടെയുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അണികളില്‍ വ്യാപക വിമര്‍ശനമുണ്ട്. പ്രാദേശികമായ വികാരങ്ങള്‍ ഒട്ടും ഗൗനിക്കാതെ നടത്തിയ സ്ഥാനാര്‍ഥി പ്രഖ്യാപനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കോങ്ങാട്ടും അരുവിക്കരയിലും അമ്പലപ്പുഴയിലും പ്രാദേശിക വികാരം പരിഗണിച്ചില്ല.