തിരുവനന്തപുരം: വിവാദ നിയമനത്തില്‍ മന്ത്രി ഇ.പി. ജയരാജനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം. പൊതുമേഖല സ്ഥാപനങ്ങളില്‍ ബന്ധുകളെ നിയമിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്ത ജയരാജന്റെ നടപടിക്കെതിരാണ് സിപിഎമ്മില്‍ ഒരു വിഭാഗം പരാതിപ്പെട്ടു തുടങ്ങിയത്. പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരുപോലെ പ്രതിച്ഛായ നഷ്ടമുണ്ടാക്കിയതായാണ് വിലയിരുത്തല്‍.

അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം സി.പിഎം പരിശോധിക്കുമെന്നും തെറ്റു തിരുത്തല്‍ നടപടി എടുക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. മന്ത്രിമാരുടെ മക്കളെ നിയമിക്കുന്നതും ബന്ധുക്കളെ നിയമിക്കുന്നതും രണ്ടാണ്. എന്നാല്‍ മക്കളെ നിയമിക്കുന്നത് സ്വജനപക്ഷപാതമാണ്. തെറ്റു തിരുത്താന്‍ നടപടി എടുക്കും. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പാര്‍ട്ടി ഇടപെടില്ല. അതാതു വകുപ്പുകളാണ് അത് കൈകാര്യം ചെയ്യുന്നത്, കൊടിയേരി വ്യക്തമാക്കി.

വ്യവസായ മന്ത്രി ഇപി ജയരാജനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് കോടിയേരിയുടെ പ്രസ്താവന. ജയരാജനെ കൂടാതെ വേറെയും സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ പേരുകള്‍ പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വിമര്‍ശനങ്ങളുടെ നടുവില്‍ ഇപ്പോള്‍ നില്‍കുന്നത് ഇ.പി ജയരാജനാണ്.