Connect with us

kerala

ഉത്തര കൊറിയയില്‍ കിം ജോങ് ഉന്നിന് എതിരില്ല; ആന്തൂരില്‍ സിപിഎമ്മിനും എതിരില്ല

സിപിഎം സ്ഥാനാര്‍ത്ഥികള്‍ ‘എതിരില്ലാതെ’ ജയിച്ചു കയറിയ ആന്തൂര്‍ നഗരസഭയില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് നാലായിരത്തിലധികം വോട്ടുകള്‍.

Published

on

കണ്ണൂരില്‍: ആന്തൂര്‍ നഗരസഭയിലടക്കം കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ ഏകാധിപത്യ രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാവുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ 15 ഇടങ്ങളിലാണ് സിപിഎം എതിരില്ലാതെ ജയിച്ചത്. ആന്തൂര്‍-ആറ്, തളിപ്പറമ്പ്-ഒന്ന്, മലപ്പട്ടം-അഞ്ച്, കോട്ടയം മലബാര്‍-ഒന്ന്, കാങ്കോല്‍-ആലപ്പടമ്പ-രണ്ട് എന്നിവിടങ്ങളിലാണ് സിപിഎം പ്രതിനിധികള്‍ ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെട്ടത്.

തങ്ങളുടെ സംഘടനാശക്തിയായാണ് സിപിഎം നേതാക്കള്‍ ഇതിനെ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ മത്സരിക്കാനെത്തുന്നവരെ ഭീഷണിപ്പെടുത്തിയും അക്രമിച്ചുമാണ് ഇവിടങ്ങളില്‍ സിപിഎം എതിരാളികളെ നിശബ്ദരാക്കുന്നത്. 1995ല്‍ പഞ്ചായത്തായിരുന്ന കാലത്ത് ആന്തൂരിലെ മുഴുവന്‍ വാര്‍ഡുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. പിന്നീട് ഇതിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ദാസനെ സിപിഎം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഇവിടങ്ങളിലൊന്നും യുഡിഎഫിന് മത്സരിക്കാന്‍ ആളില്ലെന്നാണ് സിപിഎം പറയുന്നത്. ഇത് വസ്തുതാവിരുദ്ധമാണ്. സിപിഎം സ്ഥാനാര്‍ത്ഥികള്‍ ‘എതിരില്ലാതെ’ ജയിച്ചു കയറിയ ആന്തൂര്‍ നഗരസഭയില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് നാലായിരത്തിലധികം വോട്ടുകള്‍. ബൂത്ത് ഏജന്റുമാര്‍ ഇല്ലാതിരുന്ന ഘട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ ഇത്രയും വോട്ടുകള്‍ പിടിച്ചെടുത്തത്. ‘എതിരില്ലാതെ’ ജയിച്ച മലപ്പട്ടം പഞ്ചായത്തിലെ പല ബൂത്തിലും യുഡിഎഫ് ഇരുനൂറു വോട്ടു വരെ നേടിയിരുന്നു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു വരുന്ന വേളയില്‍ സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പിന്മാറ്റുകയാണ് സിപിഎമ്മിന്റെ പതിവ്. ആന്തൂര്‍ നഗരസഭയില്‍ ഇത്തവണ എല്ലാ വാര്‍ഡിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ യുഡിഎഫ് തീരുമാനിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളെയും കണ്ടെത്തിയിരുന്നു. എന്നാല്‍ വാര്‍ഡിലെ വോട്ടര്‍ തന്നെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന വ്യവസ്ഥയുള്ളതിനാല്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു. സിപിഎം ഭീഷണിയെ തുടര്‍ന്നാണ് പല വാര്‍ഡുകളിലും വോട്ടര്‍മാര്‍ പിന്മാറിയത് എന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

ജനാധിപത്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കുമ്പോള്‍ തന്നെ കമ്മ്യൂണിസം എത്ര ഭീകരമായാണ് എതിരാളികളെ നിശബ്ദരാക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കണ്ണൂരില്‍ കാണുന്നത്. ഉത്തര കൊറിയയില്‍ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായ കിം ജോങ് ഉന്‍ എതിരാളികളെ കൊലപ്പെടുത്തിയും പീഡിപ്പിച്ചും ഏകാധിപതിയായി ഭരിക്കുന്നതുപോലെയുള്ള ഒരു ഭരണമാണ് കേരളത്തിലും സിപിഎം സ്വപ്‌നം കാണുന്നത്. അതിന്റെ ആദ്യ സൂചനകളാണ് കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ കാണുന്നത്. ഫാസിസത്തിനെതിരെ നിരന്തരം എഴുതുകയും പറയുകയും ചെയ്യുന്ന ഇടത് ബുദ്ധിജീവികള്‍ കമ്മ്യൂണിസ്റ്റ് ഫാസിസത്തെ ന്യായീകരിച്ച് പ്രബന്ധം രചിക്കുന്ന തിരക്കിലാണ് എന്നതാണ് മറ്റൊരു വിരോധാഭാസം.

 

kerala

കേരളത്തിലടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആര്‍ സമയപരിധി നീട്ടി

വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന്റെ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയമുണ്ട്.

Published

on

കേരളത്തില്‍ അടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആര്‍ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന്റെ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയമുണ്ട്. കരട് വോട്ടര്‍പട്ടിക ഡിസംബര്‍ 16നും, അന്തിമ പട്ടിക ഫെബ്രുവരി 14 നും പ്രസിദ്ധീകരിക്കും.

നേരത്തെ ഡിസംബര്‍ 4ന് എസ്‌ഐആര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതോടെ എസ്‌ഐആര്‍ സമയപരിധി നീട്ടണമെന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം ഭാഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് ധൃതി പിടിച്ച് എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കരുത് എന്നായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരാഴ്ച മാത്രം സമയം നീട്ടിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ഉത്തരവിറക്കിയത്.

എസ്‌ഐആറിനെതിരായ കേരളത്തിന്റെ ഹരജികള്‍ ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കാനിരിക്കയാണ് പുതിയ നീക്കം.നാളെക്കകമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. എസ്‌ഐആര്‍ ജോലിസമ്മര്‍ദം മൂലം കേരളത്തിലടക്കം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയപാര്‍ട്ടികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

 

Continue Reading

kerala

അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചതിന് വടകര ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു

Published

on

തിരുവനന്തപുരം: അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് വടകര ഡിവൈഎസ്പി എ. ഉമേഷിനെ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയതിനാലാണ് മെഡിക്കല്‍ അവധി എടുത്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ചെര്‍പ്പുളശ്ശേരി എസ്.എച്ച്.ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് പീഡനാരോപണം ആദ്യമായി പുറത്തുവന്നത്. കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട യുവതി പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നല്‍കിയ മൊഴിയിലും ഉമേഷിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും, തനിക്കൊപ്പം പിടിയിലായവരില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും സ്ത്രീ മൊഴിയില്‍ വ്യക്തമാക്കി.

ഉമേഷിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയേക്കാമെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് സസ്പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

2014ല്‍ ചെര്‍പ്പുളശ്ശേരിയില്‍ അനാശാസ്യക്കേസില്‍ അറസ്റ്റിലായ യുവതിയെയാണ് ഉമേഷ് പീഡിപ്പിച്ചതെന്ന് ബിനു തോമസിന്റെ കുറിപ്പില്‍ പറയുന്നു. അറസ്റ്റ് ചെയ്ത ദിവസം തന്നെ സ്ത്രീയെ വിട്ടയച്ചെങ്കിലും പിന്നീട് രാത്രി ബിനു തോമസിനെ ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലെത്തിച്ചുവെന്നാണ് കുറിപ്പ്. തുടര്‍ന്ന് തനിക്കെതിരെ നിരന്തരം ഭീഷണിയും മാനസിക പീഡനവും ഉണ്ടായിരുന്നതായി ബിനു കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.

വടക്കഞ്ചേരി സിഐയായിരുന്ന സമയത്തും അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ച് കേസ് എടുക്കാതിരുന്നതായും, ഔദ്യോഗിക സ്ഥാനദുരുപയോഗമുണ്ടായതായും അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാലക്കാട് എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പിക്കെതിരെ നടപടികള്‍ ആരംഭിച്ചത്.

Continue Reading

india

ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമാകുന്നു; തമിഴ്‌നാട്ടില്‍ മൂന്ന് മരണം, ശ്രീലങ്കയില്‍ 159 പേര്‍ മരിച്ചു

ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.

Published

on

ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.

തമിഴ്‌നാട്ടില്‍ മഴയും കാറ്റും മൂലം മൂന്ന് പേര്‍ മരണമടഞ്ഞതായി റവന്യൂ മന്ത്രി കെ. കെ. എസ്. ആര്‍. രാമചന്ദ്രന്‍ അറിയിച്ചു. തൂത്തുക്കുടി, തഞ്ചാവൂര്‍, മയിലാടുതുറൈ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 234 വീടുകള്‍ തകര്‍ന്നതായും 38 റിലീഫ് ക്യാംപുകളില്‍ 2,393 പേര്‍ അഭയം തേടിയിരിക്കുന്നതായും മന്ത്രി പറഞ്ഞു. നിരവധി ജില്ലകളില്‍ ഹെക്ടറുകള്‍ കണക്കിന് കൃഷി നാശമായി.

ചുഴലിക്കാറ്റ് നിലവില്‍ ചെന്നൈ തീരത്തു നിന്ന് ഏകദേശം 180 കിലോമീറ്റര്‍ അകലെയാണ്. മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിന്റെ വേഗം. ഇന്ന് വൈകിട്ടോടെ ഇത് തീവ്രന്യൂനമര്‍ദ്ദമാവുകയും, 24 മണിക്കൂറിനുള്ളില്‍ ചെന്നൈ തീരത്തിന് സമീപം എത്തുമ്പോഴേക്കും ശക്തി കുറച്ച് ന്യൂനമര്‍ദ്ദമായി മാറുകയും ചെയ്യും. കരയോട് അടുക്കുമ്പോള്‍ തീരദേശ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെടും. മറീന, പട്ടിണപ്പാക്കം, ബസന്ത് നഗര്‍ തുടങ്ങിയ ബീച്ചുകളില്‍ സഞ്ചാര നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീലങ്കയില്‍ ഡിറ്റ് വാ ഗുരുതര നാശം വിതച്ചിട്ടുണ്ട്. മരണം 159 ആയി ഉയര്‍ന്നിരിക്കുകയാണ്. 191 പേര്‍ കാണാതായിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയും എന്‍ഡിആര്‍എഫ് സമ്പ്രദായങ്ങളും ശ്രീലങ്കയില്‍ വ്യാപകമായ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. രാജ്യത്ത് പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

Trending