ഇടുക്കി; അഞ്ചുലക്ഷം രൂപ വാദ്ഗാനം ചെയ്ത് സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സിഐടിയു നേതാവ് ക്വട്ടേഷന്‍ നല്‍കിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മൂന്നാര്‍ ഏരിയാ കമ്മിറ്റിക്കുകീഴിലുള്ള ലോക്കല്‍ സെക്രട്ടറിയെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം കൊല്ലാനാണ് അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. ചൊക്കനാട് സ്വദേശിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണ്.

മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിലെത്തി മുതിര്‍ന്ന നേതാക്കളുടെ മുമ്പില്‍ ഇയാള്‍ കഴിഞ്ഞ ദിവസമെത്തി വെളിപ്പെടുത്തല്‍ നടത്തുകയായിരുന്നു. സിഐടിയു നേതാവുമായി തെറ്റിയതോടെയാണ് യുവാവ് ക്വട്ടേഷനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഒരുവര്‍ഷംമുമ്പ് ഇയാളെ പഴയ മൂന്നാറില്‍നടന്ന തട്ടിപ്പുകേസില്‍ മൂന്നാര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ പാലക്കാടുനിന്ന് അറസ്റ്റുചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന സിഐടിയു നേതാവ് പറഞ്ഞത് കേള്‍ക്കാതെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് തന്നെ എസ്‌ഐ മര്‍ദിച്ചുവെന്നാരോപിച്ച് പ്രതി ചികിത്സ തേടി. ഇതോടെ എസ്‌ഐ അടക്കം മൂന്നുപേരെ ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തു.

പിന്നീട്, കേസ് ഒത്തുതീര്‍പ്പാക്കി. മൂന്നുലക്ഷം രൂപ നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്നായിരുന്നു സിഐടിയു നേതാവിന്റെ മധ്യസ്ഥതയിലുണ്ടാക്കിയ ധാരണ. ആദ്യഘട്ടമായി 1.80 ലക്ഷം രൂപ നല്‍കി. ബാക്കി തുകയ്ക്കായി യുവാവ് ഓഗസ്റ്റ് മാസത്തില്‍ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴാണ് സിഐടിയു നേതാവിന്റെ വശം 1.20 ലക്ഷം നല്‍കിയതായി അറിഞ്ഞത്.

ഇതേത്തുടര്‍ന്ന് ഇയാള്‍ നേതാവുമായി ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് ഏരിയാ കമ്മിറ്റി ഓഫിസിലെത്തി തന്നെ പറ്റിച്ച വിവരവും ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ തനിക്ക് ക്വട്ടേഷന്‍ നല്‍കിയ വിവരവും വെളിപ്പെടുത്തിയത്. സംഭവം കേട്ടുനിന്ന പ്രവര്‍ത്തകരിലൊരാള്‍ ഇതിന്റെ വീഡിയോ എടുത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചതോടെയാണ് പുറത്തറിഞ്ഞത്. സംഭവം സംബന്ധിച്ച് ലോക്കല്‍ സെക്രട്ടറി സിപിഎം പോളിറ്റ് ബ്യൂറോ, സംസ്ഥാന സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി.