വഖഫ് സ്വത്തിന്റെ പവിത്രത കമ്യൂണിസ്റ്റ് തലച്ചോറുകള്‍ക്ക് പിടികിട്ടില്ല. മതമൂല്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ മാത്രം പഠിപ്പും വിവരവും അവര്‍ക്കില്ലെന്നത് അംഗീകൃത സത്യമാണ്. അത്തരമൊരു അറിവില്ലായ്മയെ അലങ്കാരമായി കൊണ്ടുനടക്കുന്നവര്‍ കൂടിയാണ് കമ്യൂണിസ്റ്റുകള്‍. ഭൗതിക വ്യവഹാരങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുകയും അതിനുവേണ്ടി ഓടി നടക്കുകയും ചെയ്യുന്ന അവര്‍ക്ക് മതവിശ്വാസികളുടെ വികാരങ്ങളും വിചാരങ്ങളും ഉള്‍ക്കൊള്ളാനാവില്ല. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, കമ്യൂണിസ്റ്റുകളും അവസരവാദികളായ ചെറു പാര്‍ട്ടികളും ചേര്‍ന്നാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. അതിന്റെ ഗതികേട് ജനം അനുഭവിക്കുന്നുമുണ്ട്. ശബരിമല വിവാദത്തില്‍ തുടങ്ങി കേരള സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ എത്തിനില്‍ക്കുന്ന സാമുദായിക പ്രശ്‌നങ്ങളെല്ലാം കമ്യൂണിസ്റ്റുകള്‍ ഭരണം കൈയ്യാളുന്നതിന്റെ പരിണിത ഫലങ്ങളാണ്. മതാചാരങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും പിടിപാടില്ലാത്തവര്‍ക്ക് വിശ്വാസികളുടെ ആശങ്കകള്‍ മനസിലാകില്ല. പള്ളിയും അമ്പലവും ചര്‍ച്ചുമൊക്കെ വോട്ട് തട്ടാനുള്ള ഉപാധികള്‍ മാത്രമാണ് അവര്‍ക്ക്. മത വിഭാഗങ്ങളെ തമ്മിലടിപ്പിച്ചും ഒറ്റപ്പെടുത്തിയും പ്രീണിപ്പിച്ചും അധികാരത്തിലേക്ക് വഴിവെട്ടുന്നതിലാണ് കമ്യൂണിസ്റ്റുകളുടെ ശ്രദ്ധ. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നുവെന്ന ‘താത്വിക തിരുമൊഴി’ കൂടെ കൊണ്ടുനടക്കുന്നതുകൊണ്ട് അവര്‍ക്ക് എന്തു ചേരും. വഖഫ് ബോര്‍ഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുപ്പിക്കുമ്പോഴും ഇടതുപക്ഷം ആലോചിക്കുന്നത് രാഷ്ട്രീയ ലാഭങ്ങളെക്കുറിച്ചാണ്.

ന്യൂനപക്ഷത്തെ ഉപേക്ഷിച്ച് ഭൂരിപക്ഷ രാഷ്ട്രീയ വോട്ടുകള്‍ കൊയ്‌തെടുക്കാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. മതവിശ്വാസികളുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിന്റെ വിഷയങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും വിവേചനപരമാണെന്ന് മനസിലാക്കാന്‍ അധികം പാണ്ഡിത്യമൊന്നും വേണ്ട. ന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയും ഉപയോഗം കഴിഞ്ഞ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്ത ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. മതസ്ഥാപനങ്ങളും അനുബന്ധ ഏജന്‍സികളും നിയന്ത്രിക്കേണ്ടത് ബന്ധപ്പെട്ട മതവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവര്‍ ആയിരിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് കീഴിലാണ് തിരുവിതാംകൂര്‍, ഗുരുവായൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ ജീവനക്കാരെ നിയമിക്കുന്നത്. ദേവസ്വം ബോര്‍ഡിലെ അംഗങ്ങള്‍ ഹിന്ദുമത വിശ്വാസികളും ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്നവരും ആയിരിക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്. ക്ഷേത്രങ്ങള്‍ പരിപാലിക്കാനും അവയുടെ സ്വത്ത് സംരക്ഷിക്കാനും ഹിന്ദു മതവിശ്വാസികള്‍ക്ക് മാത്രമേ സാധിക്കൂ എന്നതുകൊണ്ടാണ് അത്തരമൊരു നിബന്ധന കാത്തുസൂക്ഷിച്ചുപോരുന്നത്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ കാലാവധി നീട്ടുക്കൊടുത്ത് പിണറായി സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിലും ഇതേക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പുലര്‍ത്തിപ്പോരുന്ന മതപരമായ നിബന്ധനകളും സൂക്ഷ്മതയും വഖഫ് ബോര്‍ഡിനും ബാധകമാണ്. മുസ്‌ലിം പള്ളികള്‍, അനാഥാലയങ്ങള്‍, ദര്‍ഗകള്‍ തുടങ്ങി വഖഫ് സ്ഥാപനങ്ങളുടെയും സ്ഥാവരജംഗമ വസ്തുക്കളുടെയും പൊതുവായ മേല്‍നോട്ടവും വഖഫ് രേഖകളുടെ സൂക്ഷിപ്പും ഉള്‍പ്പെടെ വിപുലമായ ഉത്തരവാദിത്തങ്ങളാണ് വഖഫ് ബോര്‍ഡിനുള്ളത്.

ദേവസ്വം ബോര്‍ഡിലെന്ന പോലെ ആയിരിക്കണം വഖഫ് ബോര്‍ഡ് നിയമനങ്ങളുമെന്ന് ചിന്തിക്കാന്‍ സി.പി.എം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന് സാധിക്കാത്തത് എന്തുകൊണ്ടാണ്? എറണാകുളം ഹെഡ് ഓഫീസ്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, ചങ്ങനാശ്ശേരി, തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസുകള്‍ എന്നിവയിലെ 130ല്‍ താഴെ നിയമനങ്ങളാണ് പി.എസ്.സിക്ക് വിടണമെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ വാശിപിടിക്കുന്നത്. പി.എസ്.സി വഴി മുസ്‌ലിം സമുദായത്തിന് പുറത്തുനിന്നുള്ളവരെ കൂടി തിരുകിക്കയറ്റാന്‍ അവസരമൊരുക്കുന്നതിലൂടെ സി.പി.എം സ്വപ്‌നം കാണുന്നത് വഖഫ് ബോര്‍ഡിന്റെ തകര്‍ച്ചയാണ്. വഖഫ് ബോര്‍ഡിലെ പി.എസ്.സി നിയമനങ്ങള്‍ ഒരു മതത്തിന് മാത്രമായി പരിമിതപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് പലരും കോടതിയെ സമീപിക്കാനുള്ള സാധ്യത അതിവിദൂരമല്ല. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 100 ശതമാനവും മുസ്‌ലിം സമുദായത്തിന് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് ആനുകൂല്യത്തിന് ഇടതുപക്ഷം തുരങ്കം വെച്ചതും ഇങ്ങനെയാണ്. പാലോളി റിപ്പോര്‍ട്ട് കൊണ്ടുവന്ന 80:20 അനുപാതത്തിന്റെ ബലത്തിലാണ് ഹൈക്കോടതി പിന്നീട് വിധി പറഞ്ഞത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളെക്കൂടി ഇത് പ്രതികൂലമായി ബാധിക്കുമെന്ന് തീര്‍ച്ചയാണ്. കേരളത്തിലെ കീഴ്‌വക്കം ചൂണ്ടിക്കാട്ടി മറ്റു സംസ്ഥാനങ്ങളും പ്രത്യേക ഓര്‍ഡിനന്‍സിലൂടെ നിയമന ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയേക്കും. ഇങ്ങനെ നിരവധി നൂലാമാലകളിലേക്കാണ് ഇടതുപക്ഷം മുസ്‌ലിം സമുദായത്തെ തള്ളിവിടുന്നത്. വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും ഗൂഢ ലക്ഷ്യങ്ങള്‍ തിരിച്ചറിയുകയും അതിനെതിരെ പ്രതിരോധനിര തീര്‍ക്കുകയും ചേയ്യേണ്ടത് ജനാധിപത്യ സമൂഹം ബാധ്യതയായി ഏറ്റെടുക്കേണ്ടതുണ്ട്.