മംഗലാപുരം: വാട്‌സ്ആപ് ചാറ്റിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണു (30) ആണ് മരിച്ചത്. സുഹൃത്ത് കാരിക്കുഴി സ്വദേശി വിമലിനെ (38) പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വിമലിന്റെ സഹോദരിയുമായി വിഷ്ണു നടത്തിയ വാട്‌സ്ആപ് ചാറ്റിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മംഗലപുരം പൊലീസ് പറഞ്ഞു.

രാത്രി ഒമ്പതരയോടെ വിമലും മറ്റൊരു സുഹൃത്തും കൂടി വിഷ്ണുവിനെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയിരുന്നു. സമീപത്തെ നഴ്‌സിങ് ഹോസ്റ്റലിന് സമീപമെത്തിയപ്പോള്‍ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കവും കൈയാങ്കളിയുമുണ്ടായി.

ആക്രമണത്തിനിടെ വിഷ്ണുവിന്റെ നെഞ്ചില്‍ ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമായത്. ആക്രമണത്തിനിടെ വിമലിനും പരിക്കേറ്റു.

ആശുപത്രിയിലായ വിമല്‍ പൊലീസ് നിരീക്ഷണത്തിലാണ്. മരിച്ച വിഷ്ണു സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്. മംഗലാപുരം പൊലീസ് അന്വേഷണമാരംഭിച്ചു.