തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ അമ്മയെ മകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. പുളിയറക്കോണം സ്വദേശിനി ഗീത(40)ക്കാണ് കുത്തേറ്റത്. ആളുകള്‍ നോക്കി നില്‍ക്കെയാണ് സംഭവം. ഗുരുതരമായ പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ പൊലീസ് ആശുപത്രിയിലെത്തിച്ചു.

അമ്മയും മകനും ഒരുമിച്ച് സംസാരിച്ചുവരികായിരുന്നെന്നും പെട്ടെന്ന് പ്രകോപനമുണ്ടായ മകന്‍ അഭിജിത്ത് കോമ്പസ് കൊണ്ട് അമ്മയുടെ കഴുത്തിന് കുത്തുകകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കഴുത്തില്‍ നിന്നും രക്തം വാര്‍ന്നൊലിച്ചതോടെ വീണ്ടും ഇയാള്‍ കുത്താനായി ശ്രമിച്ചു. എന്നാല്‍ സംഭവം കണ്ട സമീപത്തുള്ളവര്‍ ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്തെത്തിയ പൊലീസ് അഭിജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അമ്മയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്നാണ് അറിയുന്നത്. അഭിജിത്ത് ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.