ആത്മമിത്രങ്ങളാണ് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗീസ് താരം റിക്കാര്‍ഡോ ക്വാറസ്മയും. കളത്തിനകത്തും പുറത്തും പരസ്പരം കൊണ്ടും കൊടുത്തും മുന്നേറുന്ന ഉറ്റമിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം റൊണാള്‍ഡോ കൂട്ടുകാരന് കൊടുത്ത ഒരു ‘പണി’യും, അതിനു മറുപടിയായി ഇന്ന് ക്വാറസ്മ കൊടുത്ത മറുപണിയുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തനിക്കു കിട്ടിയ പണി ക്രിസ്റ്റ്യാനോ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ക്വാറസ്മ പുതിയ കാര്‍ വാങ്ങിയപ്പോഴാണ് ക്രിസ്റ്റ്യാനോ കുസൃതിയൊപ്പിച്ചത്. കാര്‍ പൊതിഞ്ഞ അലുമിനിയം ഫോയിലിനു മുകളില്‍ സ്േ്രപ പെയിന്റ് കൊണ്ട് തന്റെ പേരിന്റെ ചുരുക്ക അക്ഷരങ്ങളായ സി.ആര്‍ 7 എന്ന് റൊണാള്‍ഡോ എഴുതിവെച്ചു. കാറിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കുകയും ചെയ്തു.

ഇന്ന് നൈക്കിയുടെ പുതിയ ബൂട്ടായ ‘മെര്‍ക്കുറിയല്‍’ ക്രിസ്റ്റ്യാനോ പുറത്തിറക്കി. ചടങ്ങിനു മുന്നോടിയായുള്ള റിഹേഴ്‌സലില്‍ ക്രിസ്റ്റിയാനോ മേശപ്പുറത്തിരിക്കുന്ന ബൂട്ട് എടുക്കാനൊരുങ്ങവെ, ബൂട്ട് തെറിപ്പിച്ചു കൊണ്ട് മേശക്കടിയില്‍ നിന്ന് ഒരാള്‍ അട്ടഹാസത്തോടെ എഴുന്നേറ്റു. ഒരുനിമിഷം ഭയന്നുപോയ ക്രിസ്റ്റിയാനോ പിന്നെ തനിക്കു പറ്റിയ അമളി മനസ്സിലാക്കി പൊട്ടിച്ചിരിച്ചു.

ഈ സംഭവത്തിന്റെ വീഡിയോ ക്രിസ്റ്റിയാനോ തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ക്വാറസ്മയെ ടാഗ് ചെയ്തുകൊണ്ട് ‘ഇതിനു പിന്നിലും നീയായിരുന്നോ? നിങ്ങളെല്ലാവരും കൂടി എന്നോടിതു ചെയ്‌തെന്ന് വിശ്വസിക്കാനാവുന്നില്ല’ എന്ന് സ്‌മൈലി സഹിതം ക്രിസ്റ്റിയാനോ കുറിച്ചു.

ഇതിനു മറുപടിയായാണ് കഴിഞ്ഞ വര്‍ഷം തനിക്കു കിട്ടിയ പണി ക്വാറസ്മ പോസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റഗ്രാമില്‍ ക്രിസ്റ്റിയാനോ തന്റെ ബൂട്ടുമായി പോസ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ‘നിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി കണ്ടു. പുതിയ ബൂട്ടിന്റെ ലോഞ്ചിങ് എങ്ങനെയുണ്ടായിരുന്നു?’ എന്ന അര്‍ത്ഥം വെച്ചുകൊണ്ട് ക്വാറസ്മ സഹതാരത്തെ ഒന്നു ‘കുത്തുകയും’ ചെയ്തു.