ബെംഗളൂരു: ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മൂന്നു വയസ്സുകാരിയെ അമ്മ ശ്വാസം മുട്ടിച്ചു കൊന്നു. മല്ലതഹള്ളിയില്‍ താമസിക്കുന്ന ഇരുപത്തിയാറുകാരിയായ സുധയാണ് മൂന്നുവയസ്സുകാരിയായ മകള്‍ വിനുതയെ കൊലപ്പെടുത്തിയത്.

സുധയുടെ ഭര്‍ത്താവ് കൂലിപ്പണിക്കാരനായ ഈരണ്ണ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തി. ഈ സമയം വിനുത ടിവി കാണുകയായിരുന്നു. വാര്‍ത്ത കാണുന്നതിനായി ഈരണ്ണ ചാനല്‍ മാറ്റി. ഇതില്‍ പ്രകോപിതയായ സുധ ഈരണ്ണയുമായി വഴക്കുണ്ടാക്കി. മകള്‍ ഇടപെടുകയും അമ്മയോട് മിണ്ടാതിരിക്കാനും പിതാവ് വാര്‍ത്ത കാണട്ടെ എന്നും പറഞ്ഞു. ഇതോടെ നിയന്ത്രണം നഷ്ടമായ സുധ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് കുട്ടിയെ കാണാനില്ലെന്നറിയിച്ച് സുധ പൊലീസില്‍ പരാതി നല്‍കി. ബുധനാഴ്ച കുട്ടിയുടെ ശരീരം കണ്ടെടുത്ത പൊലീസ് സുധയേയും ഭര്‍ത്താവിനേയും ചോദ്യം ചെയ്തതോടെ സുധ കുറ്റം സമ്മതിക്കുകയായിരുന്നു. മകള്‍ക്ക് പിതാവിനോടായിരുന്നു കൂടുതല്‍ ഇഷ്ടമെന്നും ഇതാണ് കൊലപ്പെടുത്താന്‍ കാരണമെന്നും സുധ പറഞ്ഞു.