കൊച്ചി: മന്ത്രി എം.എം മണിയുടെ സഹോദരന്‍ എം.എം ലംബോധരന്റെ കുടുംബത്തിന് 139 കോടി രൂപ ആസ്തിയുള്ള കമ്പനിയില്‍ പങ്കാളിത്തമുള്ളതായി റിപ്പോര്‍ട്ട്. പുലരി പ്ലാന്റേഷന്‍സ് എന്ന കമ്പനിയിലാണ് ലംബോധരന്റെ കുടുംബം 15 കോടി രൂപ നിക്ഷേപം നടത്തിയിട്ടുള്ളതെന്നും മകന്‍ ലജീഷാണ് കമ്പനിയുടെ എം.ഡിയെന്നും പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ലംബോധരന്റെ ഭാര്യ സരോജിനി ഇതേ കമ്പനിയില്‍ ഡയരക്ടറാണ്. ഏല ലേലത്തിനായി കമ്പനി സ്‌പൈസസ് ബോര്‍ഡില്‍ നല്‍കിയ അപേക്ഷയിലാണ് നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. അപേക്ഷയുടെ പകര്‍പ്പും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തുവിട്ടു.

ലജീഷിനേയും സരോജിനിയേയും കൂടാതെ എറണാകുളം, കോഴിക്കോട് ജില്ലകളില്‍നിന്നുള്ളവര്‍ക്ക് കമ്പനിയില്‍ സാമ്പത്തിക പങ്കാളിത്തമുണ്ട്. ഇവര്‍ അഡീഷണല്‍ ഡയരക്ടര്‍മാരാണ്. മേല്‍വിലാസം വ്യക്തമാക്കാത്ത ഡയരക്ടര്‍മാരും കമ്പനിക്കുള്ളതായും മൂന്നു കോടി രൂപ വിലമതിക്കുന്ന ഭൂമി കമ്പനിക്ക് സ്വന്തമായുണ്ടെന്നും അപേക്ഷയില്‍ പറയുന്നതായാണ് വിവരം. 2002 ഡിസംബറിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സി.പി.എം രാജാക്കാട് മുന്‍ ഏരിയ സെക്രട്ടറിയാണ് ലംബോധരന്‍. ഭൂമി കൈയേറിയതിന് ലംബോധരനും മകനുമെതിരെ കേസുകളും നിലവിലുണ്ട്. എന്നാല്‍ വായ്പയിലൂടെയാണ് നിക്ഷേപത്തിന് പണം കണ്ടെത്തിയതെന്നും ഏല ലേലത്തിന് ലൈസന്‍സ് കിട്ടാത്തതിനാല്‍ കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്നും ലംബോധരന്‍ പ്രതികരിച്ചു.