More
കുട്ടികളോട് ക്രൂരത കടുത്ത ശിക്ഷ വേണം
കുട്ടികളോട് ക്രൂരമായി പെരുമാറുന്നത് പലപ്പോഴും അവരെ സംരക്ഷിക്കേണ്ടവര്‍ തന്നെയാണെന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കൂട്ടുന്നു
കുട്ടികളോടുള്ള ക്രൂരത സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെപോലും നാണിപ്പിക്കുന്ന തരത്തിലാണ് വിദ്യാസമ്പന്നരായ കേരളത്തില്‍ പിഞ്ചുകുഞ്ഞുങ്ങളോടുള്ള ക്രൂരത അരങ്ങേറുന്നത്. പരിഷ്‌കൃത സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ് കുട്ടികളോടുള്ള ക്രൂരത. എട്ടും പൊട്ടും തിരിയാത്ത നിഷ്‌കളങ്കരായ കുട്ടികളോട് കരുണവറ്റിയ രീതിയില്‍ പെരുമാറുന്നത് മനുഷ്യത്വം തൊട്ടുതീണ്ടാത്തവരാണ്. കുട്ടികളോട് ക്രൂരമായി പെരുമാറുന്നത് പലപ്പോഴും അവരെ സംരക്ഷിക്കേണ്ടവര്‍ തന്നെയാണെന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കൂട്ടുന്നു. താലോലിക്കേണ്ട കൈകള്‍ തന്നെ ഘാതകരാകുന്ന ദുരന്തകാഴ്ചകളാണ് കേരളത്തിലിപ്പോള്‍ സംഭവിക്കുന്നത്. ദേഹോപദ്രവം, ലൈംഗികാതിക്രമം, മാനസിക പീഡനങ്ങള്‍ തുടങ്ങി കുട്ടികളോട് ചെയ്യുന്ന ക്രൂരതകള്‍ ഏറ്റവും അധമമാണ്.
ഇടുക്കി കുമളിയില്‍ അഞ്ച് വയസുകാരന്‍ ഷെഫീഖിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവും രണ്ടാനമ്മയും കുറ്റക്കാരാണെന്ന കോടതി വിധി ഇത്തരത്തിലുള്ള ക്രൂരതകള്‍ക്ക് പാഠമാകേണ്ടതുണ്ട്. ഒന്നാം പ്രതിയായ ഷെഫീഖിന്റെ പിതാവ് ഷെരീഫിന് ഏഴ് വര്‍ഷം തടവ് ശിക്ഷയും രണ്ടാം പ്രതി രണ്ടാനമ്മ അനീഷക്ക് 10 വര്‍ഷം തടവുമാണ് വിധിച്ചിരിക്കുന്നത്. ഷെരീഫ് 50000 രൂപ പിഴ ഒടുക്കണം. ഇടുക്കി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പട്ടിണിക്കിട്ടും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. 2013 ജൂലൈ 15നാണ് ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ മെഡിക്കല്‍ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ ഷഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ സാരമായി ബാധിച്ചു.
തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് പിഞ്ചുകുഞ്ഞിനോട് ചില ആയമാര്‍ കാണിച്ച ക്രുരത നടന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരിലാണ് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചത്. ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നി വരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. മുവാറ്റുപുഴയില്‍നിന്ന് മനസാക്ഷിയെ നടുക്കിയ ക്രൂരകൃത്യത്തെപ്പറ്റി വാര്‍ത്ത വന്നിരുന്നു. നാല് വയസുള്ള അനിയന്‍ കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഏഴു വയസുകാരനെ അമ്മയുടെ കൂട്ടുകാരന്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായിരുന്നു വാര്‍ത്ത. അതിക്രൂരമായ പീഡനങ്ങളാണ് ആ ബാലന്‍ നേരിട്ടത്. തലയോട്ടി പൊട്ടി തലച്ചോറിന് കാര്യമായ കേടുപാടുകള്‍ വരുമാറ് ക്രൂരമായിരുന്നു ആ നരാധമന്റെ ചെയ്തികള്‍. കോഴിക്കോട്ട് അദിതി എന്ന കുട്ടി പീഡനങ്ങളേറ്റ് സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട സംഭവവുമുണ്ടായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പിതാവു തന്നെ ബലാത്സംഗം ചെയ്യുന്നത് നോക്കിനില്‍ക്കുന്ന അമ്മമാരും കേ രളത്തില്‍തന്നെയാണുള്ളത്.
കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് അവരുടെ സ്വഭാവരൂപീകരണത്തെയും വ്യക്തിത്വ വികസനത്തെയും ദോഷകരമായി ബാധിക്കുമെന്ന് നാഷണല്‍ ചൈല്‍ഡ് റൈറ്റ്‌സ് കമ്മിഷന്‍ നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബാല്യകാലത്ത് ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് സ്ഥിരമായി വിധേയരാകുന്ന കുട്ടികള്‍ ഭാവിയില്‍ അക്രമകാരികളായ സാമൂഹിക വിരുദ്ധരാകാനുള്ള സാധ്യത കൂടുതലാണെന്ന് കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര വകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പാശ്ചാത്യ രാജ്യങ്ങളില്‍ കുട്ടികളോടുള്ള ക്രൂരത, (ശാരീരി കം, മാനസികം, ലൈംഗികം) കുട്ടികളോടുള്ള ഉപേക്ഷ, (വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുക, ഭക്ഷണം നിഷേധിക്കുക, ആരോഗ്യകാര്യത്തില്‍ ഉപേക്ഷ, സ്‌കൂളില്‍ വിടാതിരിക്കുക) ഇതെല്ലാം ഏറെ ഗുരുതരമായാണ് പരിഗണിക്കുന്നത്. എല്ലാ രാജ്യ ത്തും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് എന്ന ഗവണ്മെന്റ് ഏജന്‍സിക്ക് വിപുലമായ അവകാശങ്ങളുണ്ട്. കുട്ടികള്‍ ക്രൂരതക്കോ ഉപേക്ഷക്കോ ഇരയാവുന്നു എന്ന് സംശയം തോന്നിയാല്‍ കുടുംബങ്ങളില്‍ കടന്നുചെല്ലാനും കുട്ടിയുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടിവന്നാല്‍ കുട്ടിയെ കുടും ബത്തില്‍നിന്നും മാറ്റി സംരക്ഷണം നല്‍കാനും വരെ അധികാരമുണ്ട്. കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള നിയമങ്ങള്‍ക്ക് നമ്മുടെ നാട്ടിലും കുറവൊന്നുമില്ല. 1890 ലെ ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്സ് ആക്ട് മുതല്‍ 2005 ലെ കുട്ടികള്‍ക്കു വേണ്ടിയുള്ള കമ്മിഷന്‍ നിയമിക്കുന്ന നിയമം വരെ, പുരോഗമനപരമായ നിയമങ്ങളുടെ പരമ്പര തന്നെയുണ്ട്. 1959 ലെ കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയുള്ള ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രഖ്യാപനവും 1989 ലെ കുട്ടികളുടെ അവകാശത്തെപ്പറ്റിയുള്ള കണ്‍വെന്‍ഷനും ഇന്ത്യ അംഗീകരിച്ചിട്ടുള്ളതുമാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക് വേണ്ട നിര്‍ദ്ദേശങ്ങളും ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളും നിയമങ്ങളിലുണ്ട്. കുട്ടികള്‍ക്കുവേണ്ടി എന്ത് നിയമമുണ്ടാക്കാനും ഭരണഘടനയുടെ പിന്തുണയുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തിലുമൊക്കെ കമ്മിഷനുകളുമുണ്ട്.
കുട്ടികളോടുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ കേരളം മുന്നോട്ട്‌പോയിട്ടുണ്ടെന്നല്ലാതെ പൂര്‍ണമായും തടയാനായിട്ടില്ല. ഇരകളായ കുട്ടികളെ ദത്തെടുത്തും മാതാപിതാക്കളെ ജയിലിലടച്ചും തീര്‍ക്കാവുന്ന പ്രശ്നമല്ലിത്. കുട്ടികളെ ഉപദ്രവിക്കുന്നതിനോട് ഒരു വിട്ടുവീഴ്ച്ചയും പാടില്ല. ഏത് കുഞ്ഞിനോടും ആര് അക്രമം ചെയ്യുന്നത് കണ്ടാലും ഉടന്‍ അധികാരികളെ അറിയിക്കാനുള്ള മനസുണ്ടാവണം. അവരെ നിയമത്തിന്റെ മുന്നിലെത്തിക്കാനും നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ ഏറ്റവും വേഗത്തില്‍ നടപ്പാക്കാനും കഴിയണം. അക്രമത്തിന്റെ സാഹചര്യമുണ്ടെങ്കിലോ ഉണ്ടെന്ന് സംശയം തോന്നിയാലോ ഉടന്‍ കുട്ടികളെ സുരക്ഷിതമാക്കി മാറ്റിപ്പാര്‍പ്പിക്കാന്‍ സംവിധാനമുണ്ടാക്കണം. കുട്ടികളെ പീഡിപ്പിക്കുന്നതിനെപ്പറ്റി അറിവുലഭിക്കുന്ന ആയമാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ ഉടന്‍ അധികൃതരെ അറിയിക്കാന്‍ ബാധ്യസ്ഥരാണ്. പൊതുജനങ്ങള്‍ക്കും ഇതേ ബോധമുണ്ടാകണം. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇത്തരം ക്രൂരത അവസാനിപ്പിക്കാനാകു.
tech
യൂട്യൂബ് മ്യൂസിക് കൂടുതല്‍ സ്മാര്‍ട്ട്: ഇനി പ്ലേലിസ്റ്റിലെ പാട്ടുകള്‍ സെക്കന്‍ഡുകള്‍ക്കകം കണ്ടെത്താം
ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന്‍ ആദ്യമായി കാണാന്‍ തുടങ്ങിയത്.
ദീര്‍ഘമായ പ്ലേലിസ്റ്റുകളില്‍ സ്‌ക്രോള്‍ ചെയ്ത് ഒരു പാട്ട് കണ്ടെത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാന്‍ യൂട്യൂബ് മ്യൂസിക് പുതുതായി അവതരിപ്പിച്ചിരിക്കുന്നത് ‘find my playlist’ എന്ന ഫീച്ചറാണ്. നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപ്രകാരം, ഈ പരീക്ഷണ ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന്‍ ആദ്യമായി കാണാന്‍ തുടങ്ങിയത്.
പ്ലേലിസ്റ്റ് പേജിലെ shuffle play ബട്ടണിന് താഴേയുള്ള മൂന്ന് ഡോട്ട് മെനുവിലെ ഓപ്ഷനായി ഇത് ചിലര്‍ക്കു പ്രത്യക്ഷപ്പെട്ടു. എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ഈ സവിശേഷത ലഭ്യമല്ല അതായത് ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താലും ചില അക്കൗണ്ടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ആക്‌സസ്. പാട്ടുകളുടെ പേരുവഴി പ്ലേലിസ്റ്റിനുള്ളില്‍ നേരിട്ട് തിരയാനുള്ള ഈ സൗകര്യം ഇപ്പോള്‍ പരിമിതമായ iOS ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭിക്കുന്നത്.
ആന്‍ഡ്രോയിഡ് പതിപ്പില്‍ ഇതുവരെ ഈ ഫീച്ചര്‍ എത്തിയിട്ടില്ല. ഫീച്ചറിന്റെ വ്യാപകമായ റോള്ഔട്ടിനും ആന്‍ഡ്രോയിഡ് റിലീസിനും യൂട്യൂബ് ഇതുവരെ വ്യക്തമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഈ അപ്‌ഡേറ്റ്, വലിയ പ്ലേലിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു പ്രത്യേകിച്ച് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
More
വൈഷ്ണയുടെ വോട്ട് വെട്ടിയതിനു പിന്നില്‍ സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചന: വിഡി സതീശന്‍
ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് പങ്ക്: തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിക്കണം; ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.എം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.എം നേതാക്കള്‍ക്ക് ഗൂഡാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സി.പി.എമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവര്‍ത്തിയില്‍ പങ്കാളികളാണ്. ഇതേ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. അല്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടിസ്വീകരിക്കും അദ്ദേഹം പറഞ്ഞു.
വൈഷ്ണയുടെ വോട്ട് പുനസ്ഥാപിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ ഉത്തരവിന്‍ ഉദ്യോഗസ്ഥതലത്തിലെ ഗുരുത വീഴ്ചകള്‍ എടുത്ത് പറയുന്നു. സി.പി.എം പ്രാദേശിക നേതാവിന്റെ പരാതിയില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ തീര്‍ത്തും ഏകപക്ഷീയമായി തീരുമാനമെടുത്തു. സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് ഈ ഉദ്യോഗസ്ഥന്‍ ചെയ്തത്. വൈഷ്ണയുടെ പേര് നീക്കം ചെയ്തതിന് ഒരു ന്യായീകരണവും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
വൈഷ്ണ ഹിയറിംഗ് സമയത്ത് നല്‍കിയ രേഖകള്‍ ഒന്നും ഉദ്യോഗസ്ഥന്‍ പരിഗണിച്ചില്ല. വൈഷ്ണയുടെ അസാനിധ്യത്തില്‍ സി.പി.എം പ്രാദേശിക നേതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വോട്ട് വെട്ടിയത്. സിപിഎമ്മിന് വിടുപണി ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. രാഷ്ട്രീയ ഗൂഡാലോചനക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. എക്കാലത്തും സി.പി.എം ഭരണത്തിലുണ്ടാകില്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും സി.പി.എമ്മിന് അടിമപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Education
മലയാളം മീഡിയത്തില്‍ SSLC എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്
2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര്‍ മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.
2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്‌കൂള്‍ നല്‍കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്‍പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്‍. നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന്‍ പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala16 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala15 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍
-
kerala13 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്

