തിരുവനന്തപുരം: ‘ഓഖി’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംബന്ധിച്ച കേരള സര്‍ക്കാറിന്റെ വാദം അതേപടി അംഗീകരിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കേന്ദ്രസര്‍ക്കാറിനെ വെട്ടിലാക്കി. തിരുവനന്തപുരം ഉള്‍പ്പെടെ തെക്കന്‍കേരളത്തില്‍ ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന അറിയിപ്പ് ശരിക്കും കിട്ടിയത് നവംബര്‍ 30ാം തിയതി ഉച്ചക്ക് 12 മണിക്കെന്ന സംസ്ഥാനവാദമാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അംഗീകരിച്ചത്.

നാശംവിതച്ച ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും തുടര്‍ന്നും കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ചും മുഖ്യമന്ത്രിയുടെ അധ്യക്ഷതില്‍ ചേര്‍ന്ന ഉന്നതതല യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കണ്ണന്താനം. എന്നാല്‍ യോഗശേഷം പൂന്തുറ ഉള്‍പ്പെടെ ദുരന്തമേഖലകളില്‍ സന്ദര്‍ശിക്കാനെത്തിയ കണ്ണന്താനം മുഖ്യമന്ത്രിക്ക് മുന്നില്‍വെച്ച് പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങി. കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അത് നല്‍കേണ്ടിയിരുന്നത് സംസ്ഥാന സര്‍ക്കാറാണെന്നുമാണ് അവിടെ കണ്ണന്താനം തിരിച്ചടിച്ചത്. ബി.ജെ.പി നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് കണ്ണന്താനം നിലപാട് മാറ്റിയത്.
ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നവംബര്‍ 30ന് ഉച്ചക്ക് കിട്ടുന്നതിന് മുമ്പ്തന്നെ നിരവധി ബോട്ടുകളും വള്ളങ്ങളുമെല്ലാം കടലിലേക്ക് പോയിരുന്നുവെന്ന് ഉന്നതതല യോഗശേഷം കണ്ണന്താനം വ്യക്തമാക്കി. 28, 29 തിയതികളിലും അതിന് മുമ്പും കടലില്‍ പോയവരുണ്ട്. നല്ലൊരു മുന്നറിയിപ്പ് കൊടുക്കാന്‍ നേരത്തെ നമുക്ക് സാധിച്ചില്ല. മുന്‍കരുതലായി ഇവിടെവന്ന സന്ദേശമൊക്കെ ഞാനിപ്പോള്‍ വായിച്ചുനോക്കി.

ചുഴലിക്കാറ്റ് കേരളത്തില്‍ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പ് അതിലില്ലായിരുന്നു. പക്ഷേ, സാധാരണഗതിയില്‍ വരുന്ന ഒരു ചുഴലിക്കാറ്റ് അല്ലായിരുന്നു അത്. മണിക്കൂറുകള്‍ക്കകം ഗതിമാറിയാണ് കേരളതീരത്ത് കാറ്റ് വീശിയടിച്ചത്. അത്തരമൊരു മുന്നറിയിപ്പ് ഇല്ലായിരുന്നതുകൊണ്ടാണ് മുന്‍കരുതല്‍ നല്‍കാന്‍ കഴിയാത്തതെന്നും കണ്ണന്താനം പറഞ്ഞു.

എന്നാല്‍ പൂന്തുറ എത്തിയ കണ്ണന്താനം സംസ്ഥാന സര്‍ക്കാറിനെ പരോക്ഷമായി കുറ്റപ്പെടുത്തി. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദേശമുണ്ടായിരുന്നു. അത് ബന്ധപ്പെട്ടവര്‍ക്ക് കൈമാറാന്‍ കേരളത്തിന് കഴിഞ്ഞില്ലെന്ന കുറ്റപ്പെടുത്തലായിരുന്നു കണ്ണന്താനം നടത്തിയത്. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറ്റപ്പെടുത്തലുകള്‍ക്ക് സ്ഥാനമില്ലെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടിറങ്ങേണ്ട സമയമാണെന്നും കണ്ണന്താനം പറഞ്ഞു.