ഇതാരും പ്രതീക്ഷിച്ച് കാണില്ല. ഇന്ത്യ -ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ മൈതാനത്ത് കൗതുകകരമായൊരു സംഭവം നടന്നു. ഒന്നാം ഇന്നിങ്‌സില്‍ 162 റണ്‍സിന് പുറത്തായി ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക വീണ്ടും ബാറ്റു ചെയ്യവെ ക്രീസിലെത്തിയ മധ്യനിര താരം തെയുനിസ് ഡിബ്രൂയിന്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഉണ്ടായിരുന്ന ആളല്ല ! ഡിബ്രൂയിന്‍ ബാറ്റു ചെയ്യുമ്പോള്‍ ഇന്ത്യയ്ക്കായി വിക്കറ്റ് കാത്ത ഋഷഭ് പന്ത് ഇന്ത്യന്‍ ടീമിലും ഉണ്ടായിരുന്നില്ല !

ഓപ്പണര്‍ ഡീന്‍ എല്‍ഗാറിനേറ്റ പരുക്കാണ് തെയുനിസ് ഡിബ്രൂയിന് ഈ മത്സരത്തില്‍ അപ്രതീക്ഷിതമായി അവസരമൊരുക്കിയത്. എന്നാല്‍ വിക്കറ്റിനു പിന്നില്‍ വൃദ്ധിമാന്‍ സാഹ പരുക്കേറ്റ് തിരിച്ചുകയറിയത് ഋഷഭ് പന്തിനും കളത്തിലിറങ്ങാന്‍ അവസരമൊരുക്കി.
പരുക്കേറ്റവര്‍ക്കു പകരക്കാരെ അനുവദിക്കുന്ന ‘കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട്’ സംവിധാനത്തിലൂടെയാണ് ഡിബ്രൂയിന്‍ ബാറ്റു ചെയ്യാനെത്തിയത്. മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ തലയില്‍ പന്തിടിച്ചു പരുക്കേറ്റാല്‍ മറ്റൊരു താരത്തെ പകരക്കാരനായി ഇറക്കുന്ന നിയമത്തെയാണു കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ എന്നു വിളിക്കുന്നത്. അശ്വിന്റെ പന്ത് കയ്യില്‍ കൊണ്ടാണ് സാഹയ്ക്ക് വിരലിനു പരുക്കേറ്റത്. ഇതോടെ കളമൊഴിഞ്ഞ സാഹയ്ക്കു പകരരക്കാരനായാണ് പന്ത് എത്തിയത്.