എടപ്പാള്‍: പ്രഭാതസവാരിക്കിടെ യുവാവിനെ വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തുകയും പിന്നീട് ആശുപത്രിയില്‍വെച്ച് മരിക്കുകയുംചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സൂചന. മൃതദേഹ പരിശോധനയില്‍ ശരീരത്തില്‍ പരിക്കുകള്‍ കണ്ടെത്തിയതോടെ പോലീസ് അന്വേഷണമാരംഭിച്ചു. കാഞ്ഞിരമുക്ക് അയിനിച്ചിറക്കല്‍ വാരിപ്പറമ്പില്‍ ഭരതന്റെയും ലതികയുടെയും മകന്‍ അമലി(22)നെ ആണ് ശനിയാഴ്ച പുലര്‍ച്ചെ 5.45-ന് നടുവട്ടം-കരിങ്കല്ലത്താണി റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പെരുമ്പടപ്പ് പോലീസെത്തി പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ തലച്ചോറിലും കരളിലും ക്ഷതമേറ്റ പരിക്കുകള്‍ കണ്ടെത്തി. മരിക്കാനുള്ള മറ്റ് അസുഖങ്ങളൊന്നുമില്ലാതിരുന്ന യുവാവിന് പിറകില്‍നിന്ന് ക്ഷതമേറ്റതാവാം മരണകാരണമെന്നാണ് നിഗമനം. വാഹനമിടിക്കുകയോ മറ്റേതെങ്കിലും രീതിയില്‍ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം.