കോട്ടയം: പാചകവാതകം ചോര്‍ന്നു തീപിടിച്ച് പൊള്ളലേറ്റു ചികിത്സയിലായിരുന്ന കുടമാളൂര്‍ ഷെയര്‍വില്ലയില്‍ വിളക്കുമാടത്ത് ജെസി മാത്യു (60) മരിച്ചു. കോഴഞ്ചേരി കുഴിക്കാല സിഎംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലും സിഎംഎസ് കോളജ് റിട്ട. വൈസ് പ്രിന്‍സിപ്പല്‍ ഡോ. വൈ. മാത്യുവിന്റെ ഭാര്യയുമാണ് മരിച്ച ജെസി മാത്യു.

ഡിസംബര്‍ ഏഴിന് രാത്രി 11നാണ് പൊള്ളലേറ്റത്. പാചകവാതകം ചോര്‍ന്നതറിഞ്ഞ് അടുക്കളയില്‍ എത്തി ലൈറ്റിന്റെ സ്വിച്ചിടുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു വെസ്റ്റ് പൊലീസ് പറഞ്ഞു. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് സംസ്‌കരിക്കും.