കൊല്‍ക്കത്ത: അടുത്ത തെരഞ്ഞെടുപ്പില്‍ ഏതുവിധേനയും പശ്ചിമബംഗാള്‍ പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് ആര്‍എസ്എസ്. ഇന്നു മുതല്‍ രണ്ടു ദിവസത്തേക്ക് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും.

സംസ്ഥാനത്ത് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു എന്ന ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഭാഗവതിന്റെ സന്ദര്‍ശനം. സംഘടയുടെ യുവ നേതാക്കളുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തുക.

ഭാഗവതിന്റെ സന്ദര്‍ശനം അവസാനിക്കുന്നതിന് പിന്നാലെ ഡിസംബര്‍ 19,20 തിയ്യതികളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്തെത്തും. ജെപി നദ്ദ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഷായുടെ സന്ദര്‍ശനം.

വിഷയത്തില്‍ ബംഗാള്‍-കേന്ദ്രസര്‍ക്കാറുകള്‍ തമ്മില്‍ മുഖാമുഖം നില്‍ക്കുകയാണ്. ബംഗാളിലെ ക്രമസമാധാന നില വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഡല്‍ഹിയിലേക്ക് വിടേണ്ടതില്ല എന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി തീരുമാനിച്ചു.

ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ കൊല്‍ക്കത്തയ്ക്ക് അടുത്തുവച്ച് ഈയിടെ ആക്രമണമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയും ഡിജിപി വീരേന്ദ്രയും 14ന് ഡല്‍ഹിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ആഭ്യന്ത്ര മന്ത്രാലയം ആവശ്യപ്പെട്ടത്.