പട്‌ന: രണ്ട് കിലോ മീന്‍ കറിവച്ച് മുഴുവന്‍ ഭര്‍ത്താവും മക്കളും കഴിച്ചതിന്റെ വിഷമത്തില്‍ ഭാര്യ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗല്‍പൂരിലാണ് സംഭവം. നാലുമക്കള്‍ അടങ്ങുന്ന ആറംഗ കുടുംബത്തിനായി കുന്ദന്‍ മണ്ഡല്‍ രണ്ട് കിലോ മത്സ്യമാണ് വാങ്ങിയത്. ഭാര്യ തയ്യാറാക്കിയ കറി വ്യാഴാഴ്ച ഉച്ച ഭക്ഷണത്തിന് ഭര്‍ത്താവും മക്കളും കൂടി കഴിച്ചു. വീട്ടമ്മയായ സാറ ദേവി കഴിക്കാന്‍ എത്തിയപ്പോള്‍ മീന്‍ കറിയില്‍ അല്‍പം പോലും ബാക്കിയുണ്ടായിരുന്നില്ല.

ഇതിനെച്ചൊല്ലി കുന്ദന്‍ മണ്ഡലും സാറ ദേവിയും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനിടയില്‍ ബാക്കിയുള്ളത് കഴിച്ചാല്‍ മതിയെന്ന പരാമര്‍ശമാണ് മുപ്പത്തൊന്നുകാരിയെ അത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.

കുന്ദന്‍ലാല്‍ വയലിലേക്ക് പോയതിന് പിന്നാലെ സാറ ദേവി വിഷം കഴിക്കുകയായിരുന്നു. വയലില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ സാറയെ അവശനിലയില്‍ കണ്ട കുന്ദന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.