ന്യൂഡല്‍ഹി: യുവതിയെ വെട്ടിനിറുക്കി കാര്‍ബോര്‍ഡ് പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവിനേയും സഹോദരങ്ങളേയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവായ സാജിദും സഹോദരങ്ങളുമാണ് അറസ്റ്റിലായത്. സാജിദിന്റെ ഭാര്യയായ ജൂഹിയാണ് കൊല്ലപ്പെട്ടത്. സാജിദിന് മറ്റൊരു സ്ത്രീയുമായുണ്ടായിരുന്ന ബന്ധത്തെ ജൂഹി എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഈ മാസം 21-ാണ് മൃതദേഹം പെട്ടിയിലാക്കിയ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിരുന്നില്ല. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനിയുടെ പെട്ടിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യു.എ.ഇയില്‍ നിന്ന് ജാവേദ് അക്തര്‍ എന്നയാള്‍ക്ക് വന്ന പെട്ടിയാണിതെന്ന് വ്യക്തമായി.

ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പെട്ടി സാജിദിന് വാടകക്ക് നല്‍കിയിരിക്കുകയാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സാജിദിനെ ജാമിഅ നഗറില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.