ഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെത്തുടര്‍ന്ന പിസി ചാക്കോയും രാജിക്കത്ത് നല്‍കി. ഇലക്ഷന്‍ ഫലം പുറത്തുവരുന്നതിന് പിന്നാലെ ഡല്‍ഹി പി.സി.സി അധ്യക്ഷസ്ഥാനം രാജി വെക്കുന്നതായി അജയ് മാക്കന്‍ പ്രഖ്യാപിച്ചിരുന്നു. പ്രസതുത വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഡല്‍ഹി പാര്‍ട്ടി ചുമതലയില്‍ നിന്ന് രാജി വെക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. അദ്ദേഹം രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി.

ഡല്‍ഹിയിലെ മൂന്ന് പ്രിന്‍സിപ്പല്‍ കോര്‍പറേഷനുകളിലെ 270 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടി. രണ്ടാം സ്ഥാനത്തെത്തിയ ആം ആദ്മിക്കും പിന്നില്‍ മൂന്നാം സ്ഥാനമാണ് കോണ്‍ഗ്രസിനുള്ളത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് കോണ്‍ഗ്രസ് നേതാക്കളുടെ രാജി.

ഇലക്ഷനിലെ പരാജയം സമ്മതിക്കുന്നുവെന്നും ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ വളര്‍ച്ചക്ക് വേണ്ടി ശ്രമങ്ങള്‍ തുടരുമെന്നും പിസി ചാക്കോ മാധ്യമങ്ങളോട് അറിയിച്ചു.