കൊച്ചി: പ്രമുഖ സാഹിത്യ നിരൂപകനും മഹാകവി ജി.ശങ്കരക്കുറിപ്പിന്റെ മരുമകനുമായ എം.അച്യുതന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന്. ഭാര്യ രാധ. മക്കള്‍: ഡോ. നന്ദിനി നായര്‍, നിര്‍മല പിള്ള, ബി.ഭദ്ര (കൊച്ചി നഗരസഭ മുന്‍ ഡെപ്യൂട്ടി മേയര്‍). സ്വവസതിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

തൃശൂര്‍ ജില്ലയില്‍ മാളക്കടുത്ത് വടമയില്‍ മുക്കുറ്റിപ്പറമ്പില്‍ പാറുക്കുട്ടിയമ്മ നാരായണമേനോന്‍ ദമ്പതിമാരുടെ മകനായി 1930 ജൂണ്‍ 14ന് ജനിച്ച അച്യുതന്‍ മലയാളം എംഎ ഒന്നാം റാങ്കോടു കൂടിയാണ് വിജയിച്ചത്. പഠിച്ചിറങ്ങിയ മഹാരാജാസില്‍ തന്നെ അധ്യാപക ജീവിതത്തിന് തുടക്കം കുറിച്ചു. പിന്നീട് പാലക്കാട് വിക്‌ടോറിയ കോളജ്, കോഴിക്കോട് ഗവ. ആര്‍ട്‌സ് കോളജ്, പട്ടാമ്പി ഗവണ്‍മെന്റ് കോളജ് എന്നീ കലാലയങ്ങളില്‍ മലയാളം അധ്യാപകനായിരുന്നു. പ്രൊഫസറായിരിക്കെ വൊളന്ററി റിട്ടയര്‍മെന്റ് വാങ്ങി. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസറായും പ്രവര്‍ത്തിച്ചു. വിവിധ സമിതികളില്‍ അംഗമായിരുന്നു.
ഇടശ്ശേരിയുടെ കാവ്യ ജീവിതത്തെക്കുറിച്ചുള്ള ആദ്യ നിരൂപണമെഴുതിയത് ഇദ്ദേഹമായിരുന്നു. ചെറുകഥ ഇന്നലെ, ഇന്ന് എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം മലയാള ചെറുകഥാ സാഹിത്യത്തിന്റെ ചരിത്രമാണ്. പത്തോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഖ്യാത അറബി സാഹിത്യ കൃതിയായ ആയിരത്തൊന്നു രാവുകളുടെ പരിഭാഷയും എഴുതി.