തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഈമാസം 30ന് ശേഷവും തുടരുമെന്ന് ബാങ്കുകള്‍ സൂചന നല്‍കിയതോടെ ജനം കൂടുതല്‍ ദുരിതത്തിലാകും. വിനിമയത്തിന് ആവശ്യമായ പണം ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പല ഇടപാടുകളും 30ന് ശേഷം നടത്താനിരിക്കെയാണ് പ്രതിസന്ധി ഒഴിയില്ലെന്ന അറിയിപ്പ്. ആവശ്യമായത്രയും നോട്ടുകള്‍ പുറത്തിറക്കാന്‍ ആര്‍.ബി. ഐക്ക് ഇനിയും സാധിച്ചിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിസംബറിലെ ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സാഹചര്യമാണ്.

 

കഴിഞ്ഞ മാസത്തേതിന് സമാനമായ രീതിയില്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ജനുവരി ആദ്യ ആഴ്ചയില്‍ ട്രഷറികളിലും ബാങ്കുകളിലും തിക്കിത്തിരക്കും.
സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞ മാസം സര്‍ക്കാര്‍ ഓരോ ദിവസവും റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടതിന്റെ പകുതിമാത്രം നോട്ടുകളാണ് ബാങ്കുകളിലും ട്രഷറികളിലും എത്തിച്ചത്.

 

ഇത് ശമ്പളം എടുക്കാനെത്തിയവരെ വലച്ചിരുന്നു. വിവിധ ട്രഷറികളിലും ബാങ്കുകളിലും സംഘര്‍ഷാവസ്ഥ വരെയെത്തി. ഒരുമാസത്തേക്ക് മാത്രമുള്ള ബുദ്ധിമുട്ടാണിതെന്നും അടുത്തമാസം ആവശ്യത്തിന് നോട്ടുകള്‍ എത്തുമെന്നുമാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. ബാങ്കുകളില്‍ നിന്നും എ.ടി.എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഈമാസം 30ഓടെ അവസാനിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
നിലവില്‍ പിന്‍വലിക്കാവുന്ന 24,000 രൂപ പോലും ചില ബാങ്കുകള്‍ക്ക് നല്‍കാനാകുന്നില്ല. ആവശ്യമായ പണം ലഭിക്കാത്തതാണ് ഇതിനുകാരണം.

 

ബാങ്കുകള്‍ക്ക് ആവശ്യമായത്രയും പണം ലഭ്യമാക്കാതെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയില്ലെന്ന് എസ്.ബി.ഐ നേരത്തെ സൂചന നല്‍കിയിരുന്നു. നോട്ട് അസാധുവാക്കലിനു പിന്നാലെ ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 ആക്കിയും എ.ടി.എം പിന്‍വലിക്കല്‍ 2,500 രൂപയുമായും കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തിയതുമുതല്‍ ഇപ്പോള്‍ വരെ ഒരുഘട്ടത്തിലും പ്രതിസന്ധിക്ക് അയവുവന്നിട്ടില്ല. എപ്പോഴാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയെന്ന് സര്‍ക്കാരിനും ആര്‍.ബി.ഐക്കും ഇപ്പോഴും വ്യക്തതയില്ല.

 
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലെ അടക്കമുള്ള ജീവനക്കാരുടെ ശമ്പളം തുടര്‍ച്ചയായ രണ്ടാം മാസത്തിലും മുടങ്ങുന്നതോടെ സമസ്തമേഖലകളിലും സ്തംഭനമുണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. സം സ്ഥാനം സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്ന് ധനമന്ത്രി തോമസ് ഐസകും ഇ ന്നലെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.