ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിച്ചേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി (എന്‍ .ഐ. പി.എഫ്.പി) നടത്തിയ പഠനം വ്യക്തമാക്കുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എന്‍. ഐ.പി.എഫ്.പി.

സാമ്പത്തിക നിലയെ താറുമാറാക്കുന്നതോടൊപ്പം സാമൂഹികമായ അസമത്വത്തിന് നടപടി കാരണമാവുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ മൊത്തം കറന്‍സിയുടെ 86 ശതമാനത്തോളം വരുന്ന ഉയര്‍ന്ന മൂല്യമുള്ള 500, 1000 നോട്ടുകള്‍ റദ്ദാക്കിയത് രാജ്യത്തുടനീളം ജനങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതിനും അസാധുവാക്കിയ നോട്ടുകള്‍ മാറി എടുക്കുന്നതിനുമായി ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ജനങ്ങള്‍ പുലര്‍ച്ചെ മുതല്‍ അര്‍ധരാത്രി വരെ ക്യൂ നില്‍ക്കേണ്ടി വരുന്നുണ്ട്. റിയല്‍ എസ്‌റ്റേറ്റ്, സ്വര്‍ണം, അനൗദ്യോഗിക മേഖല തുടങ്ങി ഒട്ടുമിക്ക മേഖലകളേയും നോട്ട് അസാധുവാക്കല്‍ ഗുരുതരമായി ഇതിനോടകം ബാധിച്ചിട്ടുണ്ട്.

 
ബാങ്ക് അക്കൗണ്ടുകള്‍ കാര്യമായില്ലാത്ത ഗ്രാമീണ മേഖലയെയാണ് സര്‍ക്കാര്‍ നടപടി ഏറ്റവും ഗുരുതരമായി ബാധിച്ചത്. പ്രതിപക്ഷവും ഈ രംഗത്തെ വിദഗ്ധരും, സുപ്രീംകോടതിയും സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിക്കുന്നതിനിടെയാണ് എന്‍.ഐ.പി.എഫ്.പി ഇതേകുറിച്ച് പഠനം നടത്തിയത്. നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല പ്രതിഫലനമുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. എത്രത്തോളം പണം മാറ്റിയെടുക്കാന്‍ സാധിച്ചു എത്രത്തോളം പ്രശ്‌നങ്ങള്‍ അവസാനിച്ചു എന്നതിനെ ആശ്രയിച്ചാണ് ഇടക്കാല സ്വാധീനം അറിയാന്‍ സാധിക്കുകയെന്നാണ് എന്‍.ഐ.പി.എഫ്.പി പറയുന്നത്.

നോട്ട് പിന്‍വലിക്കലിന്റെ ഭാഗമായി വരുമാനവും ഉപഭോഗവും ചുരുങ്ങുകയാണെങ്കില്‍ അത് രാജ്യത്തെ സാമൂഹിക അസമത്വത്തിലേക്കായിരിക്കും തള്ളി വിടുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അസാധുവാക്കിയ പണത്തിനു പകരം ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകള്‍ മാത്രമാണ് നടക്കുന്നതെങ്കില്‍ ഇത് സാമ്പത്തിക രംഗത്ത് ഗണ്യമായ മാറ്റമുണ്ടാക്കും.
ഫലത്തില്‍ ഇത് വരുമാനത്തില്‍ കുറവു വരാനും തൊഴിലില്ലായ്മക്കും കാരണമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് പിന്നീട് സംഘടിത മേഖലയിലേക്കും പടരാന്‍ സാധ്യതയുള്ളതായും എന്‍. ഐ. പി. എഫ്.പി ചൂണ്ടിക്കാണിക്കുന്നു.

പെട്ടെന്നുള്ള ഫലം
പണത്തിന്റെ ലഭ്യതക്കുറവു വരുന്നതിലൂടെ ചില മേഖലകളിലെ ഇടപാടുകള്‍ നിര്‍ത്തേണ്ടി വരുന്നു. ഇടപാടുമായി വരുമാനവും ഉപഭോഗവും നേരിട്ടു ബന്ധപ്പെടുന്നതിനാല്‍ ഇത് ഗണ്യമായി കുറയും. പണത്തിന്റെ ലഭ്യതകുറവ് മൂലം ആളുകളുടെ വാങ്ങാനുള്ള ശക്തി താരതമ്യേന കുറഞ്ഞു വരും.
ഇത് ഉത്പാദനത്തേയും സാരമായി ബാധിക്കും. വില്‍പന കുറയുമ്പോള്‍ സാധനങ്ങളുടെ വില ഗണ്യമായി കുറയുമെന്ന് ചിലര്‍ കരുതുന്നുണ്ടെങ്കിലും ഉത്പാദനം കുറക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവുന്നതു വഴി സാധനങ്ങളുടെ വില ഉയരാനും ഇത് ഇടയാക്കും.

ഹ്രസ്വകാല സ്വാധീനം
അസാധുവാക്കപ്പെട്ട മുഴുവന്‍ പണവും പെട്ടെന്ന് മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൃഷി, ഓട്ടോമൊബൈല്‍, നിര്‍മാണ മേഖല തുടങ്ങിയ ചില മേഖലകളെ ഇത് ഗുരുതരമായി ബാധിക്കും. റാബി വിളകളുടെ വിളവെടുപ്പ് കാലവും ഖാരിഫ് വിളകള്‍ കൃഷി ചെയ്യുന്ന സമയവും ആയതിനാല്‍ ഈ മേഖലയിലെ വാങ്ങല്‍, വില്‍പനകള്‍ പൂര്‍ണമായും പണത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. പണം ലഭ്യമല്ലാത്തതിനാല്‍ വിളവെടുപ്പിനെ സാരമായി ബാധിച്ചതായി കര്‍ഷകര്‍ ഇതിനോടകം തന്നെ പരാതി ഉന്നയിച്ചു കഴിഞ്ഞു. ഇത് നല്ല വില കിട്ടുന്നതിന് കര്‍ഷകര്‍ക്ക് തടസ്സമാവും.

ഇടക്കാല സ്വാധീനം
നോട്ട് അസാധുവാക്കല്‍ ബാങ്ക് ഡെപ്പോസിറ്റുകള്‍ വര്‍ധിക്കാന്‍ കാരണമാവുമെങ്കിലും ബാങ്ക് വായ്പകള്‍ ഒരിക്കലും വര്‍ധിക്കില്ല. കാരണം നിലവിലെ സാഹചര്യത്തില്‍ വായ്പകള്‍ക്കായി കൂടുതല്‍ ആവശ്യമുന്നയിക്കാന്‍ ആരും ധൈര്യപ്പെടില്ല. വായ്പകളുടെ പലിശ ലഭ്യത കുറയുമ്പോള്‍ ബാങ്കുകള്‍ മറ്റു രീതിയില്‍ പണം കടം നല്‍കുന്നതിനായി ആലോചന നടത്തും. അമേരിക്കന്‍ സാമ്പത്തിക നിലയില്‍ ഭവന വായ്പകള്‍ കുമിഞ്ഞു കൂടിയത് ഇത്തരത്തിലുള്ളതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ഇത് സംവിധാനത്തെ തന്നെ കൂടുതല്‍ ദുഷ്‌കരമാക്കി മാറ്റും.

എന്തിനു വേണ്ടി
വിദഗ്ധര്‍ പറയുന്നത് കള്ളപ്പണം അധികവും പണമായി കൈവശം വെക്കുന്നുവെന്നാണ്. അതിനാല്‍ ഇത് തടയുന്നതിനുള്ള ശ്രമമായാണ് നോട്ടുകള്‍ പിന്‍വലിച്ചത്. അതിനാല്‍ പഴയ നോട്ടുകള്‍ നിശ്ചിത സമയത്തിനു ശേഷം ഉപയോഗിക്കാന്‍ അനുവദിക്കില്ല.