തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ പിണറായി വിജയനെ ശക്തമായി ന്യായീകരിച്ച് ദേശാഭിമാനി. മുഖ്യമന്ത്രി രാജി വച്ചൊഴിയണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെയാണ് ഇതര സംസ്ഥാനങ്ങളിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ദേശാഭിമാനി പ്രതിരോധിക്കുന്നത്. ഇതില്‍ യുപി മുഖ്യമന്ത്രിയും തീവ്രഹിന്ദുത്വ വാദിയുമായ യോഗി ആദിത്യനാഥ് വരെയുണ്ട് എന്നതാണ് ഏറെ കൗതുകകരം.

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥര്‍ കേസുകളില്‍ കുടുങ്ങിയ സംഭവങ്ങള്‍ രാജ്യത്ത് നിരവധിയുണ്ടെന്നും ഇതിന്റെ പേരില്‍ ഒന്നും ഭരണനേതൃത്വം രാജിവയ്‌ക്കേണ്ടി വന്നിട്ടില്ലെന്നും പാര്‍ട്ടി മുഖപത്രം പറയുന്നു. ആരോപണങ്ങളും കേസുകളും മാത്രമല്ല, അറസ്റ്റും ശിക്ഷയും ഏറ്റുവാങ്ങിയവരും ഏറെയുണ്ടെന്ന് പത്രം പറയുന്നു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിസി അലക്‌സാണ്ടര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാര്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്പി ഗോയല്‍ എന്നിവരെയാണ് ദേശാഭിമാനി ഇക്കാര്യത്തില്‍ എടുത്തു കാട്ടുന്നത്.

എസ്പി ഗോയല്‍ 26 ലക്ഷം രൂപ കൈക്കൂലി ചോദിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു എന്നും എന്നാല്‍ ആരോപണം ഉന്നയിച്ച അഭിഷേക് ഗുപ്തയുടെ പേരില്‍ കേസെടുക്കുകയാണ് ചെയ്തത് എന്നും പത്രം പറയുന്നു.