പത്തനംതിട്ട: സി.പി.എം മുന്‍ എം.എല്‍.എയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ. പത്മകുമാര്‍ യുവമോര്‍ച്ച നേതാവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത് വിവാദമാകുന്നു. ആര് എതിര്‍ത്താലും ആചാരങ്ങള്‍ തെറ്റില്ല, അത് വിശ്വാസമാണ് എന്ന തലക്കെട്ടില്‍ യുവമോര്‍ച്ച നേതാവ് പ്രമോദ് കക്കാട് പോസ്റ്റ് ചെയ്ത വീഡിയോ ആണ് പത്മകുമാര്‍ ഷെയര്‍ ചെയ്തത്. ഒന്‍പതാം കേരള നിയമസഭയില്‍ എം.എല്‍.എ ആയിരുന്ന പത്മകുമാര്‍ നിലവില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്. ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് , സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒരു ഭാഗത്ത് സംഘ്പരിവാര്‍ ശക്തികളെ ശബരിമലയെ കലാപഭൂമിയാക്കാന്‍ പ്രേരിപ്പിക്കുകയും മറുഭാഗത്ത് സ്ത്രീപ്രവേശനത്തിന് അനുകൂലമാണെന്ന് വാദിക്കുകയും ചെയ്യുന്ന സി.പി.എം ഇരട്ടത്താപ്പാണ് ഇദ്ദേഹത്തിന്റെ പെരുമാറ്റത്തിലൂടെ പുറത്തായതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട് .