പൂനെ: ബി.ജെ.പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ ആളില്ലാത്തതിനാല്‍ പ്രസംഗിക്കാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മടങ്ങി. പൂനെയിലെ ന്യൂ ഇംഗ്ലീഷ് സ്‌കൂളിലാണ് ഫട്‌നാവിസിന്റെ തെരഞ്ഞെടുപ്പ് റാലി നിശ്ചയിച്ചിരുന്നത്. പൂനൈ മുന്‍സിപ്പള്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫെബ്രുവരി 21ന് നടക്കാനിരിക്കെ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൂനൈയില്‍ എത്തിയതായിരുന്നു അദ്ദേഹം.

മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കൃത്യം 2 മണിക്ക് തന്നെ ഫഡ്നാവിസ് ന്യൂ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിയെങ്കിലും ഒഴിഞ്ഞ കസേരകള്‍ മാത്രമായിരുന്നു കാണാന്‍ കഴിഞ്ഞത്. ആളുകൂടുന്നതും കാത്ത് ഫഡ്നാവിസ് സ്‌കൂളില്‍ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ബിജെപിയുടെ തന്നെ മറ്റൊരു തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു.

അതേസമയം പരിപാടിയുടെ സമയം നിശ്ചയിച്ചതിലെ ആശയക്കുഴപ്പമാണ് ആളില്ലാത്തതിന് കാരണമെന്നാണ് ഫട്‌നാവിസ് വിശദീകരിക്കുന്നത്. സംഭവത്തില്‍ അദ്ദേഹം മാപ്പപേക്ഷിച്ചിട്ടുണ്ട്.
യുപി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി നടത്തിയ റാലികളിലും ജനപങ്കാളിത്തം കുറവായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂര്‍ദാബാദ് വിളികള്‍ വരെ നേരിടേണ്ടിവന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഭരണത്തില്‍ ശിവസേനയുമായുള്ള പ്രശ്‌നങ്ങളും ബി.ജെ.പിക്ക് സംസ്ഥാനത്ത് തിരിച്ചടിയാണ്.