റോം: കഴിഞ്ഞ ദിവസം ടൂറിന്‍ കാണികളോട് വിട ചോദിച്ച അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ പൗളോ ഡിബാലേ ഇന്റര്‍ മിലാനില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. യുവന്തസുമായുള്ള ബന്ധം അദ്ദേഹം വിഛേദിക്കുകയാണ്. താരവുമായുള്ള കരാര്‍ പുതുക്കാന്‍ ക്ലബ് തയ്യാറാവാത്ത സാഹചര്യത്തില്‍ ഗോള്‍ വേട്ടക്കാരന്‍ പുതിയ താവളം തേടുകയാണിപ്പോള്‍. ഇന്റര്‍ മിലാനും റോമയുമാണ് താരത്തിന് പിറകെയുള്ളത്. ഇറ്റലി വിട്ട് അദ്ദേഹം ഇംഗ്ലണ്ടിലെത്തുമെന്ന സൂചനകളും വരുന്നു. ലിയോ മെസിക്കൊപ്പം ദേശീയ ടീമില്‍ ശക്തമായ പ്രകടനം നടത്തുന്ന ഡിബാലേ ഒരു സീസണ്‍ മുമ്പ് വരെ യുവന്തസില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ സ്‌ട്രൈക്കിംഗ് പാര്‍ട്ണറായിരുന്നു. റൊണോ ക്ലബ് വിട്ട് ശേഷം ഡിബാലേയും പോവുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹം യുവന്തസില്‍ തന്നെ തുടരുകയായിരുന്നു. പോയ സീസണില്‍ സിരിയ കിരീടം സ്വന്തമാക്കിയ ഇന്ററിന് റുമേലു ലുക്കാക്കുവിന് പകരം കരുത്തനായ മുന്‍നിരക്കാരനെ ലഭിച്ചിട്ടില്ല. ടീമിന് സിരിയ കിരീടം സമ്മാനിച്ച ശേഷമായിരുന്നു ലുക്കാക്കു ചെല്‍സിയിലേക്ക് ചേക്കേറിയത്. ബെല്‍ജിയക്കാരന് പകരമായാണ് ഇപ്പോള്‍ അര്‍ജന്റീനക്കാരനായി സാന്‍ സിറോ വല വീശുന്നത്.