ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.
ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.
തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.