കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഇന്നലെ രാത്രി മുഴുവന്‍ ജയിലില്‍ കരഞ്ഞെന്ന് മൊഴി. പോലീസുകാരും സഹതടവുകാരുമാണ് ദിലീപ് സെല്ലില്‍ കരഞ്ഞുതീര്‍ക്കുകയായിരുന്നുവെന്ന് പറഞ്ഞത്. രാത്രി ഉറങ്ങാതെ സെല്ലില്‍ കഴിഞ്ഞ ദിലീപ് തികച്ചും അസ്വസ്ഥനായിരുന്നു. പകല്‍ ഇടവിട്ട് മയങ്ങുമ്പോഴും കരയുകയായിരുന്നു താരം. കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചതോടെ മകളെ കാണണമെന്ന് പറഞ്ഞ് ദിലീപ് പൊട്ടിക്കരഞ്ഞിരുന്നു.

ജയിലില്‍ പ്രത്യേക സൗകര്യങ്ങളൊന്നും ഇല്ലാത്ത ദിലീപിന് രാത്രി കിടന്നുറങ്ങുന്നതിന് തറയില്‍ വിരിക്കാന്‍ ഒരു പായും ഒരു പുതപ്പും പോലീസ് നല്‍കിയിരുന്നു. 14 സെല്ലുകളുള്ള ജയില്‍ ബ്ലോക്കില്‍ നൂറോളം തടവുകാരുണ്ട്. ഒഡിഷ സ്വദേശിയായ കൊലക്കേസ് പ്രതിയാണ് ഒപ്പമുള്ളത്. ഇടപ്പള്ളി റെയില്‍വേ പാളത്തിനുസമീപം മലയാളി മരിച്ച സംഭവത്തില്‍ രണ്ടുവര്‍ഷത്തോളമായി റിമാന്‍ഡില്‍ കഴിയുകയാണ് ഇയാള്‍. ആളുകളുടെ എണ്ണം കുറവുള്ള സെല്ലില്‍ 523 നമ്പര്‍ തടവുകാരനാണ് ദിലീപ്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് ദിലീപിനെ ജയിലില്‍ എത്തിക്കുന്നത്. രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡില്‍ വിട്ട കോടതി ഉത്തരവുപ്രകാരമായിരുന്നു ഇത്. ജയിലിനകത്തെത്തിച്ച ദിലീപിനെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടുമണിയോടെ രണ്ടാംനമ്പര്‍ സെല്ലിലേക്ക് മാറ്റുകയായിരുന്നു. പ്രഭാതഭക്ഷണമായി ഉപ്പുമാവും പഴവും നല്‍കി. ഉച്ചയ്ക്ക് സാമ്പാറും തൈരും സഹിതം ഊണും നല്‍കി. രാത്രി ചോറും ചേമ്പ് പുഴുക്കും നല്‍കിയെങ്കിലും വേണ്ടെന്നായിരുന്നു ദിലീപ് പറഞ്ഞത്. എന്നാല്‍ അധികൃതര്‍ നിര്‍ബന്ധിച്ചപ്പോള്‍ കഴിക്കുകയും ചെയ്തു.

ഇന്ന് രാവിലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ കോടതി രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ നില്‍ക്കാതെ ദിലീപിനെ ആലുവ പോലീസ് ക്ലബ്ബിലേക്കും കൊണ്ടുപോയി.