കൊച്ചി: മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയതിന് അങ്കമാലി കോടതി വളപ്പില്‍ സഹോദരന്‍ അനൂപിനെ ശകരിച്ച് നടന്‍ ദിലീപ്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും നോക്കി നില്‍ക്കെ സഹോദരനെ ദിലീപ് ശാസിച്ചത്.
‘നിന്നോടാരാ പറഞ്ഞത് ചാനലുകാരോട് ആവശ്യമില്ലാത്തത് പറയാന്‍ പറഞ്ഞത്. എന്തൊക്കെയാ പറഞ്ഞത്. വല്ല കാര്യവുമുണ്ടോ, അല്ലെങ്കില്‍ തന്നെ പ്രശ്‌നമാണ്. അതിന്റെ കൂടെയാ ഇതും.’ ദിലീപ് ക്ഷുഭിതനായി. പിന്നീട് മൗനം പാലിച്ച് ദിലീപ് മുന്നോട്ട് നടക്കുകയും ചെയ്തു. കോടതിയില്‍ ഹാജരായ ശേഷം പുറത്തേക്കിറങ്ങുമ്പോള്‍ അനൂപിനെ കണ്ടപ്പോഴായിരുന്നു ദിലീപിന്റെ പ്രതികരണം.
ദിലീപിനെ ഇല്ലാതാക്കാന്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്നായിരുന്നു അനൂപ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. അനാവശ്യ ആക്ഷേപങ്ങള്‍ മടുത്തു. ശരിക്കുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടും. ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും. എല്ലാവരുടെയും പണി കഴിയട്ടെ, അപ്പോള്‍ ഞങ്ങള്‍ തുടങ്ങുമെന്നായിരുന്നു അനൂപിന്റെ പ്രതികരണം.