കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് തിയറ്ററിനെതിരെ റവന്യൂ വകുപ്പിന്റെ അന്വേഷണം. ചാലക്കുടിയില്‍ സ്ഥിതി ചെയ്യുന്ന ആഢംബര സിനിമ സമുച്ചയത്തിനു വേണ്ടി ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഇതുസംബന്ധിച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ ഓഫീസ് തൃശൂര്‍ ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി. വ്യാജ രേഖ ചമച്ച്് 2005ല്‍ ദിലീപ് സ്ഥലം കൈയേറിയെന്നാണ് ആരോപണം. സംസ്ഥാന രൂപീകരണത്തിനു മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലമാണിത്. എന്നാല്‍ ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നതല്ല. സ്ഥലം വിഭജിച്ച് എട്ടു പേരുകളില്‍ ആധാരം ചെയ്ത ശേഷം ഒന്നിച്ച് ദിലീപ് വാങ്ങുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യമാധവനും നാദിര്‍ഷായുമടക്കം സിനിമ മേഖലയില്‍ നിന്ന് കൂടുതല്‍ താരങ്ങളെ ചോദ്യം ചെയ്യും. പൊലീസിന്റെ ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കാത്ത സാഹചര്യത്തിലാണ് നാദിര്‍ഷയെയും ഭാര്യ കാവ്യയെയും വീണ്ടും ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലോ പ്രതിയെ സംരക്ഷിക്കുന്നതിലോ നാദിര്‍ഷായുടെ ഇടപെടലുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് നീക്കം. കാവ്യയുടെ കാക്കനാട്ടെ വസ്ത്രവ്യാപാരസ്ഥാപനത്തെക്കുറിച്ച് പ്രതി സുനി ദിലീപിന് അയച്ച കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഗൂഢാലോചനയില്‍ കാവ്യക്കു പങ്കുണ്ടോ എന്നും അന്വേഷിക്കും.