കൊച്ചി: കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. കേസിലെ പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ചുവെന്ന് പറയപ്പെടുന്ന കത്തിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് വ്യക്തമായി. പൊലീസ് പീഡിപ്പിച്ചുവെന്നാരോപിച്ച് പള്‍സര്‍ സുനി അങ്കമാലി കോടതിയില്‍ നേരിട്ട് എഴുതി നല്‍കിയ പരാതിയിലെ കയ്യക്ഷരവും ഇപ്പോള്‍ പ്രചരിക്കുന്ന കത്തിലെ കയ്യക്ഷരവും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടെന്നാണ് കണ്ടെത്തല്‍.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിക്കുന്നുവെന്ന് രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് സുനി പരാതി ഉന്നയിച്ചത്. അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഇത്. കോടതിയുടെ ആവശ്യപ്രകാരമാണ് ആറു പേജുകളിലായി സുനി സ്വന്തം കൈപ്പടയില്‍ പരാതി എഴുതി നല്‍കിയത്. ഇതിലെ കയ്യക്ഷരവും ദിലീപിന് കൊടുത്തയച്ചതായി പറയുന്ന പുതിയ കത്തിലെ കയ്യക്ഷരവും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് വിവരം. കൂടാതെ ഭാഷയും ശൈലിയും തന്നെ പൂര്‍ണമായും വ്യത്യാസമുണ്ടെന്നാണ് വിവരം. കത്തിന്റെ പിന്നില്‍ വലിയ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് ദിലീപ് നേരത്തെ ആരോപിച്ചിരുന്നു.