പാര്‍വ്വതിയും പൃഥ്വിരാജും ഒരുമിച്ചഭിനയിച്ച ചിത്രത്തിലെ ഗാനത്തിന് ഡിസ് ലൈക്ക് കൂടിയതോടെ സംഭവത്തില്‍ വിമര്‍ശനവുമായി സംവിധായകന്‍ ജൂഡ് ആന്റണി. ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ്‌ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തമാണെന്ന് ജൂഡ് പറഞ്ഞു. സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജൂഡ് കുറിച്ചു.

ഇരുവരും ഒരുമിച്ചെത്തുന്ന മൈ സ്‌റ്റോറിയിലെ പതുങ്ങി എന്ന ഗാനത്തിനും ടീസറിനുമാണ് ഇപ്പോള്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്. റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പാട്ടിന് യു ട്യൂബില്‍ ശക്തമായ പ്രതിഷേധമാണ് കിട്ടുന്നത്. ഒരു വിഭാഗം ഡിസ് ലൈക്ക് ചെയ്ത് മുന്നേറുന്നതോടൊപ്പം മറ്റുള്ളവരോടും ആഹ്വാനം ചെയ്യുന്നുണ്ട്. അശ്ലീല കമന്റുകളും മറ്റുമിട്ടും ആക്രമണം നടത്തുന്നുണ്ട്.

പാര്‍വ്വതിയുടെ കസബ സിനിമക്കുനേരെയുള്ള പരാമര്‍ശങ്ങളാണ് സോഷ്യല്‍മീഡിയ ആക്രമണത്തിന് കാരണമായത്. നടിയെ അപകീര്‍ത്തിപ്പെടുത്തുന്നവിധം പരാമര്‍ശങ്ങള്‍ ഉണ്ടായതോടെ നടി പരാതിയുമായി രംഗത്തെത്തിയിരുന്നു.