തിരുവനന്തപുരം: അംഗപരിമിതരും ഭിന്നശേഷിയുള്ളവരുമായ വിദ്യാര്‍ത്ഥികളോട് ഇടതുമുന്നണി സര്‍ക്കാറിന്റെ അവഗണന. ഒരു ലക്ഷം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് 795 അധ്യാപകരെ മാത്രം. അംഗപരിമിതരോ ഭിന്നശേഷിയുള്ളവരോ ആയ കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ ബാലാവകാശ സംരക്ഷണ കമ്മീഷനും അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷനും കര്‍ശന നിലപാട് സ്വീകരിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ അവഗണന തുടരുന്നത്. ഭിന്നശേഷിക്കാരും അംഗപരിമിതരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ വിദ്യാഭ്യാസവും പരിശീലനവും ലഭ്യമാക്കണമെന്ന് ഇരുകമ്മീഷനുകളും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്കായുള്ള അധ്യാപക തസ്തികകള്‍ വെട്ടിക്കുറക്കുന്ന തീരുമാനമാണെടുത്തത്. മാര്‍ച്ച് 31ന് ഇറങ്ങിയ ഉത്തരവില്‍ നിലവിലുള്ള തസ്തികകള്‍ വെട്ടിക്കുറക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗംപേരും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിച്ചവരാണ്. അംഗപരിമിതരും ഭിന്നശേഷിയുള്ളവരുമായ വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നതിനെതിരെ ഇതിനകം തന്നെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ പരിശീലനം അത്യാവശ്യമാണ്. നിലവില്‍ ഒരു അധ്യാപകര്‍പോലുമില്ലാത്ത പഞ്ചായത്തുകളും സംസ്ഥാനത്തുണ്ട്.
വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ മാനദണ്ഡപ്രകാരം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും അധ്യാപകര്‍ സന്ദര്‍ശിച്ചിരിക്കേണ്ടതാണ്. എന്നാല്‍ അധ്യാപകരുടെ കുറവ് കാരണം ഒരധ്യാപകന് തന്നെ ഇത്രയേറെ വിദ്യാര്‍ത്ഥികളെ ആഴ്ചയില്‍ സന്ദര്‍ശിക്കാനാകാത്ത സ്ഥിതിയാണ്. സ്‌കൂള്‍ പ്രവേശനം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ ജന്മാവകാശമാണെന്ന് അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട പ്രത്യേക സൗകര്യങ്ങളായ സ്‌കൂളുകളിലെ പ്രത്യേക ശൗചാലയം, ചവിട്ടുപടികള്‍ ഇല്ലാത്ത യാത്രാവഴി, താഴത്തെ നിലയില്‍ പഠനമുറി, സ്പെഷ്യല്‍ ടീച്ചര്‍, റിസോഴ്സ് മുറികള്‍ എന്നിവയും ഏര്‍പ്പെടുത്തണം. അംഗപരിമിതര്‍ക്കുള്ള 1995ലെ ദേശീയനിയമത്തില്‍ അംഗപരിമിത കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കാന്‍ നിരവധി നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വൈകല്യമുള്ള കുട്ടിക്ക് 18 വയസ് തികയുന്നതുവരെ സമുചിതമായ ചുറ്റുപാടില്‍ സൗജന്യവിദ്യാഭ്യാസം ലഭിക്കുന്നെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.