Connect with us

Video Stories

കശാപ്പ് നിരോധനം; കേരളത്തിന്റെ പ്രതിഷേധം ഫലം കാണുന്നു

Published

on

 

തിരുവനന്തപുരം: കന്നുകാലി വില്‍പനയും കശാപ്പും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാമെന്ന വനം- പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്റെ നിലപാട് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധം വിജയം കാണുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. രാജ്യത്തൊട്ടാകെ ശക്തമായ പ്രതിഷേധം ഉയര്‍ന്നെങ്കിലും കേരളമാണ് ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചത്.
കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിക്ക് കത്തയക്കുകയും എം.പിമാര്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കശാപ്പിനോ ബീഫ് കഴിക്കുന്നതിനോ വിജ്ഞാപനത്തില്‍ നിയന്ത്രണമില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ മനംമാറ്റം കേരളം ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ ആദ്യഘട്ടം വിജയം കണ്ടതിന്റെ സൂചനയാണ്. വിജ്ഞാപനം സംബന്ധിച്ച് ആശങ്കയുണ്ടെങ്കില്‍ പരിഹരിക്കാന്‍ തയാറാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
വിജ്ഞാപനത്തില്‍ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും ഉത്തരവില്‍ ആവശ്യമെങ്കില്‍ ഭേദഗതി വരുത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ കേന്ദ്രവുമായി തുറന്ന ചര്‍ച്ചക്ക് സാഹചര്യം ഒരുങ്ങിയതായി കരുതപ്പെടുന്നു. സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് ഇത്തരമൊരു വിജ്ഞാപനം പുറത്തിറക്കിയത്. രാജ്യത്തെയാകെ ബാധിക്കുന്ന ഏതൊരു വിഷയവും എല്ലാ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണമെന്നിരിക്കെയാണ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാതെ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.
അതേസമയം കേരളം നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള പരിപാടികളില്‍ മാറ്റമില്ല. വ്യാഴാഴ്ച നിയമസഭാ സമ്മേളനം ചേര്‍ന്ന് പ്രമേയം പാസാക്കും. വിജ്ഞാപനം മറികടക്കാനുള്ള നിയമനിര്‍മാണം സംബന്ധിച്ചും നിയമസഭ ചര്‍ച്ച ചെയ്യും. വിജ്ഞാപനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്തുതന്നെയായാലും ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും മാംസാഹാരം ഭക്ഷിക്കുന്നവര്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാണ് കേരളം മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപന പ്രകാരം കാര്‍ഷിക ആവശ്യത്തിനല്ലാതെ കന്നുകാലികളെ വില്‍ക്കാന്‍ പാടില്ല, കാലിയെ വാങ്ങിയാല്‍ ആറുമാസം വരെ കൈമാറ്റം ചെയ്യരുത് തുടങ്ങിയ നിബന്ധനകളാണുള്ളത്. ഇത് കേരളത്തിലെ സാഹചര്യത്തില്‍ അംഗീകരിക്കാവുന്ന നിര്‍ദേശമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര വിജ്ഞാപനത്തിന്റെ ചുവടുപിടിച്ച് സംഘപരിവാര്‍ സംഘടനകള്‍ കാലികളെ കൊണ്ടുവന്ന വാഹനങ്ങള്‍ തടയുകയും പലയിടത്തും അക്രമം നടത്തുകയും ചെയ്തുവരികയാണ്. ഇതെല്ലാം നിയമപരമായി മറികടക്കാനുള്ള ശാശ്വതമായ മാര്‍ഗമാണ് കേരളം ആലോചിക്കുന്നത്. കാലിവളര്‍ത്തും കശാപ്പും അടക്കമുള്ളവ സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്താന്‍ അവകാശമില്ലെന്നും നിയമവിദഗ്ധര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

Trending