വാഷിങ്ടണ്‍: തോക്കുകള്‍ കൊണ്ടുള്ള ആക്രമണ പരമ്പരകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. യുഎസിന്റെ വിവിധ ഭാഗങ്ങളിലാണ് കുട്ടികളുടെ പ്രതിഷേധം അരങ്ങേറിയത്. തോക്ക് കൈവശം വയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കുട്ടികളുടെ ആവശ്യം. തോക്കു കൊണ്ടുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് യുഎസില്‍ വിദ്യാര്‍ത്ഥികളുടെ കൂറ്റന്‍ റാലി നടന്നത്. സ്‌കൂളില്‍ അടക്കം തോക്ക് ആക്രമങ്ങളില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് കുട്ടികളുടെ പ്രതിഷേധം.

2,600 സ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍ റാലിയില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ സ്‌കൂള്‍ സമയത്തായിരുന്നു കുട്ടികളുടെ റാലി. ഓറഞ്ച് വസ്ത്രങ്ങള്‍ ധരിച്ച് കുട്ടികള്‍ തെരുവിലെത്തി. തോക്ക് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധം റാലി കൊണ്ട് മാത്രം അവസാനിക്കുന്നില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പരിഹാരം കാണും വരെ പ്രതിഷേധം തുടരും. 1999 ഏപ്രിലില്‍ കൊളമ്പിയനില്‍ സഹപാഠിയുടെ വെടിയേറ്റ് അധ്യാപകര്‍ ഉള്‍പ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. അവസാനം അക്രമിയായ വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു. ഫ്‌ളോറിഡയിലുണ്ടായ മറ്റൊരു സംഭവത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്.