ഹൈദരാബാദ്: ഇന്ത്യ പര്യടനത്തിന്റെ ആദ്യഘട്ടമായ കൊല്‍ക്കത്ത സന്ദര്‍ശനം പൂര്‍ത്തിയാക്കിയ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹൈദരാബാദിലേക്കുള്ള യാത്രയിലാണ്. താരത്തെ ഒരുനോക്കുകാണാന്‍ ആരാധകര്‍ വലിയ ആകാംക്ഷയിലാണ്.
മെസ്സിയുടെ ഹൈദരാബാദ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഏറെ ചര്‍ച്ചയാകുന്നത് എക്‌സ്‌ക്ലൂസീവ് ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ ഫോട്ടോ സെഷനാണ്. മെസ്സിക്കൊപ്പമുള്ള ഫോട്ടോയ്ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 10 ലക്ഷം രൂപയാണ് ഓരോ ടിക്കറ്റിന്റെയും വിലയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെസ്സിയുമായി ഹസ്തദാനം, ആറ് പേരടങ്ങുന്ന ഗ്രൂപ്പ് ഫോട്ടോ, ബഫെ, വേദിയിലേക്കുള്ള പ്രവേശനം എന്നിവയാണ് ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലക്ഷങ്ങള്‍ ചെലവാകുമെങ്കിലും ഹൈദരാബാദില്‍ നിന്നുള്ള ഏകദേശം 60 പേര്‍ ഇതിനകം ടിക്കറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇനി 40 ടിക്കറ്റുകള്‍ കൂടി മാത്രമാണ് ലഭ്യമാകാനുള്ളത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശന പരിപാടിയിലും മെസ്സി പങ്കെടുക്കും. വൈകിട്ട് 5.30 മുതല്‍ സംഗീത പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് വൈകിട്ട് 7.30ഓടെ മെസ്സി സ്റ്റേഡിയത്തിലെത്തും. ഏകദേശം ഒരു മണിക്കൂര്‍ താരം ഗ്രൗണ്ടില്‍ തുടരും. പെനാല്‍ട്ടി ഷൂട്ടൗട്ടിലും മെസ്സി പങ്കാളിയാകും.
യൂണിസെഫ് ഗുഡ്വില്‍ അംബാസഡറെന്ന നിലയില്‍ കുട്ടികളുമായി സംവദിക്കുന്ന മെസ്സി, തെരഞ്ഞെടുത്ത 24 കുട്ടികള്‍ക്കായി പ്രത്യേക മാസ്റ്റര്‍ക്ലാസും നടത്തും. പരിപാടിയില്‍ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും പങ്കെടുക്കും.
ഇന്ത്യന്‍ ആരാധകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് മെസ്സിയുടെ ഇന്ത്യ വരവ് വിരാമമിട്ടത്. ‘ഗോട്ട് ടൂര്‍’ എന്ന പര്യടനത്തിന്റെ ഭാഗമായാണ് മെസ്സി രാജ്യത്തെത്തിയത്. കൊല്‍ക്കത്തയില്‍ ആരംഭിച്ച പര്യടനം തിങ്കളാഴ്ച ഡല്‍ഹിയില്‍ സമാപിക്കും. ഹൈദരാബാദിലെയും മുംബൈയിലെയും പരിപാടികള്‍ക്ക് ശേഷം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മെസ്സി മടങ്ങുക.
ഇന്റര്‍ മയാമിയിലെ മെസ്സിയുടെ സഹതാരങ്ങളായ ലൂയിസ് സുവാരസ് (ഉറുഗ്വേ), റോഡ്രിഗോ ഡി പോള്‍ (അര്‍ജന്റീന) എന്നിവരും സംഘത്തിലുണ്ട്.
അതേസമയം, മെസ്സിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മെസ്സി മടങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം.