പാലക്കാട്: പതിനേഴുകാരന്‍ അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രകനായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ സ്വദേശിയും പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രഫസറുമായ ഡോക്ടര്‍ നവീന്‍കുമാറാണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിലുണ്ടായിരുന്ന ഭാര്യ ഡോ. ജയശ്രീയ്ക്കും മകനും സാരമായി പരുക്കേറ്റു. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പാലക്കാട് നഗരത്തിലാണ് അപകടമുണ്ടായത്.

ഇടതുവശം ചേര്‍ന്ന് പോവുകയായിരുന്നു ഡോക്ടറുടെ ഇരുചക്രവാഹനത്തിലേക്ക് അമിതവേഗതയില്‍ എതിര്‍ ഭാഗത്തുനിന്നു വന്ന പതിനേഴുകാരന്റെ കാര്‍ വശതെറ്റി ഡോക്ടര്‍ ദമ്പതികളുടെ വാഹനത്തെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നഗരത്തിലെ ചക്കാന്തറയില്‍ ഉണ്ടായ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

നിയന്ത്രണം വിട്ട് ഇരുചക്രവാഹനത്തെ ഇടിച്ച കാര്‍ തുടര്‍ന്ന് നടപ്പാതയിലേക്ക് പാഞ്ഞുകയറി സമീപത്തെ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. കുറിശ്യാംകുളം സ്വദേശിയായ പതിനേഴുവയസ്സുകാരനാണ് വാഹനം ഓടിച്ചത്. രാത്രി 10 മണിയോടെയായിരുന്നു അപകടം.