മുംബൈ: സംഘ് പരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ഹിന്ദു-മുസ്ലിം ദമ്പതികളുടെ കഥ പറഞ്ഞ വീഡിയോ പരസ്യം പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക് പിന്‍വലിച്ചതിന് പിന്നാലെ വിമര്‍ശകര്‍ക്കെതിരെ പ്രമുഖര്‍. വിവാദ പരസ്യചിത്രം വീണ്ടും പോസ്റ്റ് ചെയ്താണ് രാഷ്ട്രീയ പ്രമുഖരടക്കം സംഘ് അജണ്ടക്കെതിരെ രംഗത്തെത്തിയത്.

തനിഷ്‌ക് തങ്ങളുടെ ഉത്സവ കളക്ഷനായ ‘ഏകത്വ’യ്ക്കായി പുറത്തിറക്കിയ പരസ്യമാണ് വിവാദങ്ങള്‍ക്ക് നടുവിലായത്. ഹൈന്ദവ വിശ്വാസിയായ മരുമകള്‍ക്കും കുടുംബത്തിനും മുസ്‌ലിമായ ഭര്‍ത്താവിന്റെ കുടുംബവുമായിയുള്ള ഊഷ്മള ബന്ധമാണ് പരസ്യത്തില്‍ കാണിക്കുന്നത്. ഗര്‍ഭിണിയായ മരുമകള്‍ക്കായി ബേബിഷവര്‍ ചടങ്ങുകള്‍ ഒരുക്കിയ അമ്മായിയമ്മ. ഈ ചടങ്ങ് വീട്ടില്‍ ഈ വീട്ടില്‍ നടത്താറില്ലല്ലോ എന്ന ചോദ്യത്തിന് ‘ഇത് മകളെ സന്തോഷിപ്പിക്കുന്നതിനായി എല്ലാ വീട്ടിലും പിന്തുടരുന്ന ഒരു പാരമ്പര്യം അല്ലേ’യെന്നാണ് അമ്മായിയമ്മ മറുചോദ്യം ഉന്നയിക്കുന്നത്. എന്നാല്‍ ലൗജിഹാദ് ്‌പ്രോത്സാഹിപ്പിക്കുന്ന വിഡിയോ എന്ന വിമര്‍ശനമുന്നയിച്ചാണ് സംഘ് പരിവാര്‍ അനുകൂലികള്‍ പരസ്യത്തിനെതിരെ രംഗത്തെത്തിയത്.

റ്റാറ്റാ കമ്പനിയുടെ ടൈറ്റാന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള തനിഷ്‌കിനെതിരെ സംഘ്്പരിവാര്‍ ട്രോളുകളും വിമര്‍ശനങ്ങളും കനത്തതോടെയാണ് തങ്ങളുടെ ഏറ്റവും പുതിയ പരസ്യ ചിത്രം പിന്‍വലിക്കാന്‍ പ്രമുഖ ജൂവലറി ബ്രാന്‍ഡായ തനിഷ്‌ക് തയാറാവുകയും ചെയ്തു. പരസ്യത്തെ ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ ജ്വല്ലറിയെ ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് ക്യാംപയിനുകള്‍ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ നിന്ന് പിന്‍വലിച്ചത്.

അതേസമയം, ഇതിനു പിന്നാലെയാണ് തനിഷ്‌ക് വിമര്‍കര്‍ക്കെതിരെ പ്രതിഷേധവുമായുള്ള ഹാഷ് ടാഗുകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രന്‍ഡിങാവുന്നത്. പരസ്യത്തില്‍ എന്താണ് തെറ്റ് എന്ന് ചോദിച്ചെത്തുന്ന പ്രമുഖര്‍ പരസ്യചിത്രം വീണ്ടും പോസ്റ്റ് ചെയ്താണ് പ്രതിഷേധിക്കുന്നത്.

‘മനോഹരമായ ഒരു പരസ്യത്തിലൂടെ ഹിന്ദു-മുസ്ലീം ഐക്യം ഉയർത്തിക്കാട്ടിയ തനിഷ്ക് ജൂവലറി ബഹിഷ്കരിക്കാനാണ് ചില ഹൈന്ദവ വര്‍ഗ്ഗീയവാദികൾ ആവശ്യപ്പെടുന്നത്. ഹിന്ദു-മുസ്ലീം ഏകത്വം അവരെ ഇത്രയും അസ്വസ്ഥരാക്കുന്നുവെങ്കിൽ എന്തുകൊണ്ട് ഹിന്ദു-മുസ്ലീം ഐക്യത്തിന്‍റെ, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പ്രതീകമായ ഇന്ത്യയെ അവർ ബഹിഷ്കരിച്ചൂട’ എന്ന ചോദ്യമാണ് കോൺഗ്രസ് എംപി ശശി തരൂർ ട്വിറ്റർ ഉന്നയിച്ചത്. പരസ്യചിത്രം കൂടി പങ്കുവച്ചാണ് തരൂരിന്‍റെ പ്രതികരണം

പരസ്യം പിന്‍വലിച്ചതില്‍ ഹര്‍ഷ് ഗോയങ്ക, ശോഭ ഡേ തുടങ്ങിയ സെലിബ്രിറ്റികള്‍ നിരാശ പ്രകടിപ്പിച്ചു.

കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി, മുൻ ദേശീയ വനിതാ കമ്മീഷൻ അംഗം ഷമീന ഷഫീക്ക് എന്നിവരും പരസ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഐക്യത്തെ ഉയർത്തിക്കാട്ടുന്ന ഇത്രയും മനോഹരമായ ഒരു പരസ്യം ശ്രദ്ധയിൽപ്പെടുത്തിയതിന് ട്രോളന്മാർക്ക് നന്ദി അറിയിച്ചാണ് ഷമീനയുടെ പ്രതികരണം.