ന്യൂയോര്‍ക്ക്: ഡോളര്‍ ദുര്‍ബലമായതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുത്തനെ ഉയരാന്‍ സാധ്യത. നിലവില്‍ അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,918 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ 0.04 % ഇടിഞ്ഞ് സെപ്റ്റംബര്‍ മാസത്തെ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്.

രൂപയുടെ വിനിമയ നിരക്ക് 73-74 എന്ന നിലവാരത്തിലാണ്. ഗ്രാമിന് 4,705 രൂപയാണ് കേരളത്തിലെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. 37,640 രൂപയാണ് പവന്‍വില. നവംബര്‍ ആദ്യവാരത്തോടെ താല്‍ക്കാലികമായി പിന്‍വലിഞ്ഞ നിക്ഷേപകര്‍ വീണ്ടും വന്‍തോതില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ ഇത് സ്വര്‍ണവിലയില്‍ വീണ്ടും ഉയരാന്‍ കാരണമാകും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ വില്‍പ്പന നടക്കുന്ന ദീപാവലി സീസണ്‍ ആരംഭിച്ചിട്ടുണ്ട്. ദീപാവലിയും ഏപ്രില്‍ വരെ നീളുന്ന വിവാഹസീസണും കോവിഡ് ആശങ്ക കുറഞ്ഞ് വരുന്നതിന്റെയും പശ്ചാത്തലത്തില്‍ വിപണി സാഹചര്യം ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് സ്വര്‍ണാഭരണ വ്യവസായ മേഖല.