ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷരും കേന്ദ്രസര്‍ക്കാരുമായി നടന്ന പത്താംവട്ട ചര്‍ച്ചയ്ക്ക് പിന്നാലെ ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍. ചര്‍ച്ച കഴിഞ്ഞ് ഇറങ്ങിയ കര്‍ഷകരെ സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഇതേത്തുടര്‍ന്ന് കര്‍ഷകര്‍ വീണ്ടും വിജ്ഞാന്‍ ഭവനില്‍ തിരിച്ചെത്തി.

നേരത്തെ, പത്താംവട്ട ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ പുറത്തിറങ്ങിയിരുന്നു. ഇന്നുതന്നെ പ്രശ്‌നപരിഹാരം വേണമെന്ന് കേന്ദ്രമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി. ഇതിന് പിന്നാലെയാണ് കര്‍ഷകരെ വീണ്ടും ക്ഷണിച്ചത്.

നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളാണ് പത്താംവട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് എത്തിയത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ കോടതിയില്‍ പോകാന്‍ ചര്‍ച്ചയില്‍ കര്‍ഷകരോട് കേന്ദ്രം പറഞ്ഞു. നിയമം ഒറ്റയടിക്ക് പിന്‍വലിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും അതിനു വേണമെങ്കില്‍ കര്‍ഷക സംഘടനകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം കര്‍ഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് വിവരം. സര്‍ക്കാര്‍ ഈ നിയമങ്ങള്‍ പിന്‍വലിച്ച ശേഷം ചര്‍ച്ച ചെയ്യുകയും പിന്നീട് ആവശ്യമെങ്കില്‍ മറ്റൊരു പുതിയ നിയമം കൊണ്ടുവരാനുമുള്ള സാധ്യതയുമാണ് ഇന്നത്തെ യോഗത്തില്‍ കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെച്ചിരുന്നത്.