സഊദി അറേബ്യയിലെ തെരുവുകളിലൂടെ വനിതകള്‍ വാഹനമോടിക്കുന്നത് പതിവ് കാഴ്ചയായി മാറുന്നതിന് ഇനി ഒമ്പത് മാസം മാത്രം. ശവ്വാല്‍ പത്ത് (2018 ജൂണ്‍ 24) ഞായറാഴ്ച മുതല്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനും വനിതകളെ വാഹനമോടിക്കുന്നതിന് അനുവദിക്കുന്നതിനും തീരുമാനമായി. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആണ് സഊദിയില്‍ വനിതാവകാശ, ശാക്തീകരണ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തുന്ന, സാമൂഹിക-സാമ്പത്തിക മേഖലകളില്‍ അടിമുടി മാറ്റങ്ങളുണ്ടാക്കുന്ന സുപ്രധാന ഉത്തരവിറക്കിയത്.
വനിതകളെ വാഹനമോടിക്കുന്നതിന് അനുവദിക്കാത്തതിന്റെ നിഷേധാത്മക ഫലങ്ങളും ശരീഅത്ത് വ്യവസ്ഥകള്‍ പാലിച്ച് വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കുന്നതിന്റെ ഗുണവശങ്ങളും പരിശോധിച്ചും വനിതകളെ വാഹനമോടിക്കുന്നത് ഇസ്‌ലാമിക ശരീഅത്ത് അനുവദിക്കുന്നുണ്ടെന്ന ഉന്നത പണ്ഡിതസഭയിലെ ഭൂരിഭാഗം അംഗങ്ങളുടെ അഭിപ്രായങ്ങളും പരിഗണിച്ചാണ് വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കുന്നതെന്ന് സല്‍മാന്‍ രാജാവ് അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കല്‍ അടക്കം ട്രാഫിക് നിയമത്തിലെയും ഗതാഗത നിയമാവലിയിലെയും വകുപ്പുകള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ബാധകമാക്കണമെന്ന് രാജകല്‍പന പറഞ്ഞു. ഇത് നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളെ കുറിച്ച് പഠിക്കുന്നതിന് ആഭ്യന്തര, ധന, തൊഴില്‍ മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി ഉന്നതതല കമ്മിറ്റി രൂപീകരിക്കുന്നതിനും രാജാവ് ആവശ്യപ്പെട്ടു. പഠന റിപ്പോര്‍ട്ട് കമ്മിറ്റി മുപ്പത് ദിവസത്തിനകം തനിക്ക് സമര്‍പ്പിക്കണം. ശരീഅത്ത് വ്യസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി ശവ്വാല്‍ പത്ത് മുതല്‍ വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി നടപ്പാക്കി തുടങ്ങുമെന്നും രാജകല്‍പന വ്യക്തമാക്കി.
ഡ്രൈവിംഗ് അനുമതി നേടിയെടുക്കുന്നതിന് സഊദിയില്‍ വനിതാ ആക്ടിവിസ്റ്റുകള്‍ ഏറെ കാലമായി ശ്രമിച്ചുവരികയായിരുന്നു. വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കുന്ന നിലക്ക് ട്രാഫിക് നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഒന്നിലധികം തവണ ശൂറാ കൗണ്‍സിലിന് വനിതാ അംഗങ്ങള്‍ക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാല്‍ തള്ളപ്പെടുകയായിരുന്നു. വനിതകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് മതപരമായ പ്രശ്‌നമല്ലെന്നും ഇക്കാര്യത്തില്‍ സാമൂഹിക തലത്തില്‍ പൊതുധാരണയുണ്ടാവുകയാണ് വേണ്ടതെന്നും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു. സഊദിയില്‍ പുരുഷ സമൂഹത്തില്‍ നല്ലൊരു വിഭാഗം വനിതകള്‍ വാഹനമോടിക്കുന്നതിനെ ശക്തിയുക്തം എതിര്‍ത്തുവരികയായിരുന്നു. നിരവധി വനിതകളുടെ മോഹം സാക്ഷാല്‍ക്കരിക്കുന്നതാണ് രാജകല്‍പനയെന്ന് സഊദി അറേബ്യയിലെ പാര്‍ലമെന്റ് ആയ ശൂറ കൗണ്‍സില്‍ ഇന്നലെ വിലയിരുത്തി.
ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിന് പുതിയ പരിഷ്‌കരണം ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. സഊദിയില്‍ 15 ലക്ഷത്തോളം വിദേശികള്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. വാഹന വില്‍പന വര്‍ധിക്കുന്നതിനും തീരുമാനം സഹായിക്കും. ടാക്‌സി കമ്പനികള്‍ക്കും തീരുമാനം തിരിച്ചടിയാകും. ടാക്‌സി ഉപയോക്താക്കളില്‍ 80 ശതമാനവും വനിതകളാണ്. വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതിനും തീരുമാനം സഹായിക്കും. സ്വദേശി വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനുള്ള സന്നദ്ധത ചില ടാക്‌സി കമ്പനികള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക, സാമൂഹിക തലങ്ങളില്‍ വലിയ പ്രതിഫലനങ്ങള്‍ പുതിയ തീരുമാനമുണ്ടാക്കും. പ്രാദേശിക തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം വലിയ തോതില്‍ ഉയര്‍ത്തുന്നതിനും തീരുമാനം സഹായകമാകും. വനിതാ ജീവനക്കാര്‍ നിലവില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് മിതമായ നിരക്കില്‍, അനുയോജ്യവും സുരക്ഷിതവുമായ ഗതാഗത സൗകര്യങ്ങളുടെ അഭാവമാണ്. നിവില്‍ പ്രാദേശിക തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം 22 ശതമാനമാണ്. ഇത് 40 ശതമാനമായി ഉയര്‍ത്തുന്നതിന് വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി ലഭിക്കുന്നതിലൂടെ കഴിയുമെന്ന് ഓക്‌സ്‌ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പ് നടത്തിയ പഠനം വ്യക്തമാക്കുന്നു. ശൂറ കൗണ്‍സില്‍ അംഗങ്ങളും വ്യവസായികളും അധ്യാപകരും അടക്കം നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശി വനിതകള്‍ ഡ്രൈവിംഗ് അനുമതി തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ഭരണാധികാരികള്‍ക്ക് നന്ദി പറയുകയും ചെയ്തു. ചരിത്രപരമായ ഈ തീരുമാനത്തെ സല്‍മാന്‍ രാജാവ് സ്വദേശി വനിതകള്‍ക്ക് നല്‍കുന്ന അമൂല്യമായ സമ്മാനമായി ഇവര്‍ വിശേഷിപ്പിച്ചു. പ്രവിശ്യ ഗവര്‍ണര്‍മാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പണ്ഡിതരും വ്യവസായികളും അംബാസഡര്‍മാരും അടക്കമുള്ളവര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് അടക്കമുള്ള വിദേശ നേതാക്കളും രാജകല്‍പനയെ സ്വാഗതം ചെയ്ത് രംഗത്തെത്തി.