ശിവമൊക്ഷ: കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ, മകന്‍ ഡോ. യതീന്ദ്ര എന്നിവരെ പരാജയപ്പെടുത്താനുള്ള ഗൂഡാലോചന ബി.ജെ.പി നേതാവ് യദ്യൂരപ്പ ഉപേക്ഷിച്ചില്ലെങ്കില്‍ കുറുബ വിഭാഗം തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്ന് കഗിനെലെ കനക ഗുരുപീഡ മഠാധിപതി നിരജ്ഞനാനന്ദപുരി സ്വാമി. തങ്ങളുടെ സമുദായത്തിന്റെ ഏറ്റവും വലിയ നേതാവായ സിദ്ധരാമയ്യയെ തോല്‍പിക്കാനായി ഗൂഡ തന്ത്രം മെനയുന്ന യെദ്യൂരപ്പ ഇതില്‍ നിന്നും പിന്‍മാറണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടതാണ്. ബി.ജെ.പി നേതാവ് ഗൂഡാലോചന തുടരുകയാണെങ്കില്‍ കുറുബ വിഭാഗക്കാര്‍ വോട്ടെടുപ്പില്‍ ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കുറുബ വിഭാഗം ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണക്കുന്നില്ല. ബി.ജെ.പിയിലും ജെ.ഡി.എസിലും കുറുബ വിഭാഗക്കാര്‍ ധാരാളം ഉണ്ട്. ഇരു പാര്‍ട്ടികള്‍ക്കും പല മണ്ഡലങ്ങളിലും വിജയിക്കണമെങ്കില്‍ കുറുബ വിഭാഗക്കാരുടെ വോട്ട് നിര്‍ണായകമാണെന്ന കാര്യം യെദ്യൂരപ്പ മറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പിനേക്കാളും വലുത് മാനുഷിക ബന്ധങ്ങളാണ്. അതിനാല്‍ ബന്ധങ്ങള്‍ക്ക് രാഷ്ട്രീയത്തേക്കാളും വില കല്‍പിക്കുന്നുണ്ടെന്നും മഠാധിപതി വ്യക്തമാക്കി.