ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനം ഓടിച്ച് മരണത്തിനിടയാക്കിയാല്‍ 7 വര്‍ഷം തടവുശിക്ഷ നല്‍കാന്‍ തയ്യാറെടുത്ത് സര്‍ക്കാര്‍. കൂടാതെ രജിസ്‌ട്രേഷന്‍ സമയത്ത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വേണമെന്നും സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നു. മദ്യപിച്ച് വാഹനമോടിച്ച് ആള്‍ക്കാരുടെ മരണത്തിനിടയാക്കുന്നവര്‍ക്ക് നിലവില്‍ രണ്ട് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ നല്‍കുന്നത്. എന്നാല്‍ ശിക്ഷ ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

മദ്യപിച്ച് വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവന് ഭീക്ഷണിയാകുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ അപര്യാപ്തമാണെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ കര്‍ശന ശിക്ഷ നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നു. പത്തുവര്‍ഷം തടവുശിക്ഷ നല്‍കണമെന്നാണ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശം. അതുപോലെ വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. രാജ്യത്ത് യാത്രയ്ക്കുപയോഗിക്കുന്ന വാഹനങ്ങളില്‍ ഭൂരിഭാഗത്തിനും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ല. ഇവയില്‍ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. ഇത്തരം വാഹനങ്ങളിടിച്ച് മരിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനെ ബാധിക്കുമെന്നതിനാലാണ് ഇവ നിര്‍ബന്ധമാക്കുന്നത്.